വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരിച്ചു
text_fieldsജാഫർ അബ്ദുർറഹീം
കോഴിക്കോട്: ശനിയാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിലെ സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.
കോഴിക്കോട്-വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50നായിരുന്നു അപകടം. ഓഫീസിൽനിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് രക്ഷപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. അവിടെ നിന്ന് ഞായറാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിറാജ് മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി സേവനമനുഷ്ടിച്ച ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്കിലേക്ക് മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

