മാധ്യമപ്രവർത്തകയുടെ പരാതി: അബ്ദുല്ല ബാസിലിനെതിരായ കേസ് നടപടി നിർത്തിവെക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ പരാതിയിൽ വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. ബിഗ് ടിവി അവതാരക അപർണ കുറുപ്പ് നൽകിയ പരാതിയിലാണ് അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയുടെ പേരിലാണ് കേസ്. ചർച്ചയിൽ അപർണ കുറുപ്പിന്റെ പരാമർശങ്ങൾ വിവാദമായിരുന്നു. അതിനു പിന്നാലെ ചർച്ചയിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ച് ഇതിൽ പങ്കെടുത്ത ബാസിൽ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതിന്റെ പേരിലാണ് അവതാരകയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിൽ ചാനൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയിൽ വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു എന്ന് കാണിച്ച് കേസെടുത്തത്.
പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏൽപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയും അതിലൂടെ സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ബി.എൻ.എസ്. 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 67-ഉം ചുമത്തിയാണ് കേസെടുത്തത്. അബ്ദുല്ല ബാസിലിനെതിരായ നടപടിയിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
എം.എൽ.എമാരായ പി.കെ. ഫിറോസ്, നജീബ് കാന്തപുരം, അഡ്വ. ഷിബു മീരാൻ, റിജിൽ മാക്കുറ്റി, ശിഹാബ് പൂക്കോട്ടൂർ തുടങ്ങിയവരും നിരവധി സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

