നവകേരള സദസ്സിനിടെ മാധ്യമപ്രവർത്തകനുനേരെ അതിക്രമം: മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsആലപ്പുഴ: നവകേരള സദസ്സിനിടെ പള്ളിപ്പുറത്ത് മാധ്യമപ്രവർത്തകനുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. ‘മാധ്യമ’ത്തിനുവേണ്ടി ചിത്രം പകർത്താൻപോയ ഫോട്ടോഗ്രാഫർ മനു ബാബുവാണ് അതിക്രമത്തിനിരയായത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷിക്കാൻ ഡി.ജി.പിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിനും പരാതി നൽകിയിരുന്നു.
മനുവിനെ ചേർത്തല ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൈയേറ്റം ചെയ്തത്. പള്ളിപ്പുറത്തുവെച്ച് വാഹനവ്യൂഹത്തിന് പിന്നാലെ സ്കൂട്ടറിൽ പോകവെ ജീപ്പിലെത്തിയ പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു. ഷർട്ടിന്റെ കോളറിൽ പിടിച്ച് ജീപ്പിലേക്ക് ഇടാൻ ശ്രമിക്കുകയും മാധ്യമപ്രവർത്തകനാണെന്ന് തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും അസഭ്യം വിളിച്ച് കൈയേറ്റം തുടരുകയും ചെയ്തു.
സ്റ്റാൻഡിൽവെച്ച സ്കൂട്ടർ തള്ളിമറിച്ചിട്ടശേഷം ഡിവൈ.എസ്.പി താക്കോൽ ഊരിക്കൊണ്ടുപോവുകയും ചെയ്തു. മൂന്നുദിവസം പിന്നിട്ടിട്ടും സ്കൂട്ടറിന്റെ താക്കോൽ ഡിവൈ.എസ്.പി മടക്കി നൽകിയിട്ടില്ല.

