‘പി.ആർ കളിക്കാരുടെ ശ്രദ്ധക്ക്... ഒറിജിനലുകൾ ഇവിടെയുണ്ട്!’ -നേതൃമാറ്റ ചർച്ചകൾക്കിടെ ജോസഫ് വാഴക്കൻ
text_fieldsന്യൂഡൽഹി: ജനപ്രതിനിധികൾ അല്ലാത്തവർ കെ.പി.സി.സി തലപ്പത്ത് വരുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. കെ.പി.സി.സി അധ്യക്ഷ പദവി സംബന്ധിച്ച ചർച്ചകൾക്കിടെ ഡൽഹിയിലെത്തിയ അദ്ദേഹം ‘മീഡിയവണി’നോട് സംസാരിക്കുകയായിരുന്നു.
തന്റെ യോഗ്യതയിൽ നേതാക്കൾക്ക് സംശയമില്ല. സോഷ്യൽ മീഡിയ ശക്തമായതോടെ നല്ലവരെ മോശക്കാരും മോശക്കാരെ നല്ലവരുമായി ഉയർത്തിക്കാട്ടുന്നു. യഥാർഥ രാഷ്ട്രീയക്കാർ മങ്ങിപ്പോകുകയാണ്. പി.ആർ ഏജൻസി രൂപപ്പെടുത്തുന്ന അഭിപ്രായങ്ങൾ പൊതു അഭിപ്രായമായി മാറുകയാണ് -വാഴക്കൻ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ നടത്തേണ്ട മാറ്റങ്ങൾ ഉണ്ട്. അത്തരം കാര്യങ്ങളിലെ തൻ്റെ അഭിപ്രായം ഹൈകമാൻഡിനെ അറിയിക്കും. നേതാക്കളെ കണ്ട് സംസാരിക്കും, അവർ തീരുമാനിക്കും. രണ്ട് വർഷത്തിനുള്ളിൽ ലോക്സഭ ഇലക്ഷൻ നടക്കാൻ പോവുകയാണ്. ജനപ്രതിനിധികൾ മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങണം. കേരളത്തിൽ അതിന്റെ രീതി നേരത്തെ അങ്ങനെയായിരുന്നു. അടുത്തകാലം വരെ എം.പിമാരോ എം.എൽ.എമാരോ പാർട്ടി ചുമതലകൾ വഹിക്കാറില്ല. അതിന് ശേഷമാണ് മാറ്റം വന്നത്. ഇരട്ടച്ചുമതല ജനപ്രതിനിധികൾക്കും പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ സംസ്ഥാന കോൺഗ്രസിന് ഒരു മുഴുവൻ സമയ പ്രസിഡന്റിനെയാണ് ആവശ്യമെന്നും താൻ അതിന് യോഗ്യനാണെന്നും കഴിഞ്ഞദിവസം വാഴക്കൻ പ്രതികരിച്ചിരുന്നു.
കെ.പി.സി.സി അധ്യക്ഷ പദവി മോഹവുമായി വാഴക്കനെ കൂടാതെ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി തുടങ്ങിയവരും രംഗത്തുണ്ട്. അധ്യക്ഷ സ്ഥാനത്ത് ദളിത് പ്രാതിനിധ്യം ആവശ്യമാണെന്നാണ് കൊടിക്കുന്നിലിന്റെ ദീർഘനാളായുള്ള വാദം.
നിലവിലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായതിന് പിന്നാലെയാണ് മറ്റൊരാളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയർന്നത്. സണ്ണി ജോസഫ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, വിദേശയാത്ര പൂർത്തിയാക്കി രാഹുൽ ഗാന്ധി മടങ്ങിയെത്തിയശേഷമാകും കെ.പി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടത്തുകയെന്നാണ് സൂചന.(
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

