ഇല കരിഞ്ഞിട്ടില്ലെന്ന് ജോസ് കെ. മാണി; ‘ജോസഫ് വിഭാഗം പരുന്തിന്‍റെ മുകളിൽ ഇരിക്കുന്ന കുരുവി’
text_fieldsകോട്ടയം: കേരള കോൺഗ്രസ് എം യു.ഡി.എഫിലേക്ക് വരണമെന്ന ആവശ്യം തള്ളി ചെയർമാൻ ജോസ് കെ. മാണി. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുകയാണെന്ന് ജോസ് വ്യക്തമാക്കി. സംഘടനാപരമായി ലഭിക്കേണ്ട വോട്ട് പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. വാരികോരി ആർക്കും അപഹസിക്കാം. പരുന്തിന്‍റെ മുകളിൽ ഇരിക്കുന്ന കുരുവിയാണ് ജോസഫ് ഗ്രൂപ്പ്. കോൺഗ്രസ് എന്തെങ്കിലും കൊടുത്താൽ അവർ വാങ്ങിച്ചെടുക്കുമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
പാലായിൽ അടക്കം തിരിച്ചടി ഉണ്ടായിട്ടില്ല. ജോസഫ് വിഭാഗത്തിന് തൊടുപുഴയിൽ തിരിച്ചടിയുണ്ടായി. പാലായിലും തൊടുപുഴയിലും ഇല കരിഞ്ഞു പോയെന്നാണ് സംസാരം. കഴിഞ്ഞ തവണ പാലാ നഗരസഭയിൽ 10 സീറ്റിൽ വിജയിച്ചിരുന്നു. ഇത്തവണയും 10 സീറ്റ് നിലനിർത്തി. പാലാ നിയമസഭ നിയോജക മണ്ഡലത്തിൽ 2,198 വോട്ടിന്‍റെ ലീഡ് എൽ.ഡി.എഫിനാണ്. തൊടുപുഴ നഗരസഭയിൽ രണ്ടിടത്ത് മാത്രമാണ് ജോസഫ് ഗ്രൂപ്പ് വിജയിച്ചതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി പാർട്ടിക്കില്ലെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും പറഞ്ഞു. അങ്ങനെയാണെങ്കിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തിൽ മാറണമായിരുന്നു. മുന്നണിമാറ്റ ചർച്ചക്ക് ഒരു അടിസ്ഥാനവുമില്ല.
കോൺഗ്രസ് പുറത്താക്കിയതിന് ശേഷം കേരളാ കോൺഗ്രസ് എൽ.ഡി.എഫിൽ എത്തിയതിന് പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയമുണ്ടായി. കേരള കോൺഗ്രസിന്‍റെ സാന്നിധ്യവും അടിത്തറയും അപ്പോഴാണ് യു.ഡി.എഫ് നേതാക്കൾക്ക് മനസിലായത്.
അണികൾ തങ്ങളുടെ കൂടെയാണെന്ന് പി.ജെ. ജോസഫ് യു.ഡി.എഫിനെ തെറ്റിദ്ധരിപ്പിച്ചത്. ആ തെറ്റിദ്ധാരണയിലാണ് തങ്ങളെ പുറത്താക്കിയത്. യാഥാർഥ്യം മനസിലാക്കിയതോടെ കോൺഗ്രസും മുസ് ലിം ലീഗും കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കാറുണ്ടെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.
അതേസമയം, യു.ഡി.എഫ് മുന്നണി അടിത്തറ പലരീതിയില്‍ വിപുലീകരിക്കുമെന്ന് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അതില്‍ ചിലപ്പോള്‍ എല്‍.ഡി.എഫിലെയും എന്‍.ഡി.എയിലെയും ഘടകകക്ഷികളുണ്ടാകും. ഇതിലൊന്നുംപെടാത്തവരും ഉണ്ടാകും. കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ആരുമായും ഇപ്പോള്‍ ചര്‍ച്ച നടത്തുന്നില്ല. ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. അതൊക്കെ രാഷ്ട്രീയ തീരുമാനമാണ്. യു.ഡി.എഫിലേക്ക് ആരെയെങ്കിലും കൊണ്ടുവരുന്ന കാര്യം നേതൃത്വം തീരുമാനിക്കും. കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്. അതിനും അപ്പുറത്തേക്ക്, പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുല പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി മാറുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
എന്നാൽ, മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കെതിരെ കർശന നിലപാടെടുത്ത് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് രംഗത്തെത്തി. യു.ഡി.എഫ് ഇപ്പോൾ തന്നെ ശക്തമാണെന്നും വിപുലീകരണം അപ്രസക്തമാണെന്നുമാണ് ജോസഫിന്റെ നിലപാട്. തെരഞ്ഞെടുപ്പിലുണ്ടായ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണി വിപുലീകരണ ചർച്ചകൾക്കെതിരെ പി.ജെ. ജോസഫ് കർശന നിലപാട് കർശനമാക്കിയത്.
കേരള കോൺഗ്രസ് മാണി വിഭാഗം വരുന്നത് മുന്നണിയെ കളങ്കപ്പെടുത്തും. കള്ളക്കച്ചവടത്തിനും സ്വർണപ്പാളി മോഷണത്തിനും കൂട്ടുനിന്നവർ അവിടെത്തന്നെ നിൽക്കട്ടെയെന്നുമാണ് ഈ വിഷയത്തിലെ നിലപാട്. കാറ്റ് മാറിയതോടെ രണ്ടില വാടിക്കഴിഞ്ഞു. ഇനി യു.ഡി.എഫ് ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ടതുണ്ട്. യു.ഡി.എഫ് ഇപ്പോൾ തന്നെ ശക്തമാണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.
അതേസമയം തന്നെ ഘടകകക്ഷികളിൽ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതാണ് പാർട്ടിക്ക് സ്വാധീനമുള്ള ജില്ലകളിൽ പോലും ശക്തി തെളിയിക്കാൻ കഴിയാതെ പോയതെന്നാണ് മാണി വിഭാഗത്തിന്റെ പൊതു വിലയിരുത്തൽ. ആയിരത്തിലേറെ സീറ്റുകൾ എൽ.ഡി.എഫിൽ നിന്ന് ലഭിച്ചെങ്കിലും 246 സീറ്റിൽ മാത്രമാണ് ജയിക്കാനായത്. മുന്നണി സംവിധാനത്തിലെ പാളിച്ചകളും തോൽവിക്ക് കാരണമായിട്ടുണ്ട്.
എന്നാൽ, പാർട്ടിയുടെ ഈ പരാജയം അണികൾക്കിടയിൽ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫിൽ നിന്ന് നിരന്തരം ക്ഷണമുണ്ടായിട്ടും അത് നിരാകരിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനോട് പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഇപ്പോൾ ഉചിതമായ സമയമെന്നാണ് കേരള കോൺഗ്രസ് എം അണികളുടെ പൊതുഅഭിപ്രായം.
മുമ്പ് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിച്ചെങ്കിലും ജോസ് കെ. മാണി തള്ളുകയായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മാണിവിഭാഗത്തെ ക്ഷണിച്ചത് ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിലുണ്ടായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച മികച്ചനേട്ടം മൂന്നാം എൽ.ഡി.എഫ് സർക്കാർ എന്ന പ്രതീക്ഷക്ക് തിരിച്ചടിയാണെന്ന പൊതുവിലയിരുത്തലാണ് പാർട്ടിയിലുണ്ടാക്കിയിട്ടുള്ളത്.
മുന്നണിമാറ്റത്തിന് ഇപ്പോൾ സുവർണാവസരമാണെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ടെന്നാണ് വിവരം. എന്നാൽ, അവഗണിച്ച് പുറത്താക്കിയ മുന്നണിയിലേക്ക് എങ്ങനെ തിരിച്ചുപോകും എന്ന ആശങ്കയിലാണ് ജോസ് കെ. മാണി. പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന്റെയും ജോസ് കെ. മാണിയുടെയും ഈ വിഷയത്തിലെ നിലപാട് ഏറെ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

