ഇടതിൽ തുടരും, മുന്നണി മാറ്റം തള്ളി ജോസ് കെ.മാണി; കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ട്
text_fieldsകോട്ടയം: എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന്പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. എല്ലാ ദിവസവും വന്ന് അത് വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എൽ.ഡി.എഫിന്റെ മധ്യമേഖല ക്യാപ്റ്റൻ താൻ തന്നെയാണ്. കേരള കോൺഗ്രസിൽ ഭിന്നതയില്ല. കേരള കോൺഗ്രസ് എന്ത് തീരുമാനമെടുത്താലും അതിനൊപ്പം അഞ്ച് എം.എൽ.എമാരും ഉറച്ചുനിൽക്കും.കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും. പലയിടത്തുനിന്നും ക്ഷണം വരുന്നുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച് ആരാണ് ചർച്ച നടത്തിയതെന്നും ജോസ് കെ. മാണി ചോദിച്ചു.
''ജറൂസലമിലെ സഹോദരൻമാരെ, എന്നെയോർത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ'' എന്ന ബൈബിൾ വാചകം ഉദ്ധരിച്ചാണ് ജോസ് കെ. മാണി വാർത്താ സമ്മേളനം തുടങ്ങിയത്.
തിരുവനന്തപുരത്ത് കേന്ദ്രസർക്കാറിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് കേരള കോൺഗ്രസ് എൽ.ഡി.എഫ് വിടുകയാണെന്ന അഭ്യൂഹം ശക്തമായത്. എന്നാൽ ഒഴിവാക്കാനാകാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാൽ കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടി വന്നതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത് എന്നാണ് ജോസ് കെ. മാണിയുടെ വിശദീകരണം. ഈ വിവരം മുൻകൂട്ടി നേതാക്കളെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. കേരള കോൺഗ്രസിലെ അഞ്ച് എം.എൽ.എമാർ ആ പരിപാടിയിൽ പങ്കെടുത്തിരുന്നു.
പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവം പാർട്ടി അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ് കെ. മാണിയെ സോണിയാ ഗാന്ധി യു.ഡി.എഫിലേക്ക് ക്ഷണിച്ചുവെന്നും വാർത്തയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

