നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടും; ചവിട്ടിപ്പുറത്താക്കിയ യു.ഡി.എഫിലേക്കില്ലെന്ന് ജോസ് കെ. മാണി
text_fieldsകോട്ടയം: കേരള കോൺഗ്രസിനെ യു.ഡി.എഫ് ചവിട്ടിപ്പുറത്താക്കിയതാണെന്നും അവിടേക്ക് എങ്ങനെ തിരിച്ചുപോകുമെന്നും ജോസ് കെ. മാണി. ഇറക്കിവിട്ടപ്പോൾ ചേർത്തുപിടിച്ചത് പിണറായി വിജയൻ ആണ്. കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് 12 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ 13 സീറ്റ് ആവശ്യപ്പെടും. അഞ്ചുവർഷം മുമ്പാണ് കേരള കോൺഗ്രസ് ഇടതുപക്ഷത്തിന്റെ ഭാഗമായത്. കൂടുതൽ സീറ്റുകൾ ലഭിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. പ്രതിപക്ഷത്തേക്കാൾ കൂടുതലായി ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനും പരിഹാരം കാണാനും കേരള കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. വന്യമൃഗ ആക്രമണത്തിൽ നിന്ന് രക്ഷ തേടാനായി മൃഗങ്ങളെ വെടിവെച്ചുകൊല്ലണമെന്ന് പറഞ്ഞത് കേരള കോൺഗ്രസാണ്. മുനമ്പം വിഷയം ആദ്യം സംസാരിച്ചതും ഞങ്ങളാണ്-ജോസ് കെ. മാണി പറഞ്ഞു.
കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ട് എന്ന് പറഞ്ഞത് ഒരിക്കലും തെറ്റായി വ്യാഖ്യാനിക്കേണ്ട എന്നും അദ്ദേഹം വിശദീകരിച്ചു. എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് ഉദ്ദേശിച്ചത്. ശബരിമല വിഷയത്തിൽ സർക്കാർ ശരിയായ നിലപാട് സ്വീകരിച്ചുവെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

