Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതമർന്ന ജോസ് മോന്റെ...

ഇടതമർന്ന ജോസ് മോന്റെ വൻവീഴ്ച’; പാലായിൽ കാപ്പനാരാ മോൻ!

text_fields
bookmark_border
Jose K Mani
cancel

‘നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേൽക്കും; ദുഷ്ടന്മാരോ വിപത്തിൽ നിലംപരിശാകും’ എന്നാണ് സദൃശവാക്യങ്ങൾ 24:16 അരുളിച്ചെയ്യുന്നത്. ഇക്കുറി സടകുടഞ്ഞെഴുന്നേൽക്കാമെന്ന ജോസ്മോന്റെ കണക്കുകൂട്ടലുകൾക്ക് അത്രയേറെ തെളിച്ചമുണ്ടായിരുന്നു. കഴിഞ്ഞ തോൽവിക്ക് കണക്ക് തീർക്കാൻ പാലായിൽ കച്ചമുറുക്കിയപ്പോൾ നീതിമാനായ ജോസ് കെ. മാണി പ്രതീക്ഷിച്ചത് ഇപ്പോൾ സംഭവിച്ചതിന് നേർവിപരീതമായിരുന്നു. ഒരിക്കൽകൂടി ആ കണക്ക് വീട്ടാതെ ബാക്കിയാവുമ്പോൾ കുഞ്ഞുമാണിയുടെ പൊന്നുമോനെ മലർത്തിയടിച്ച് മാണി സി. കാപ്പൻ വീണ്ടും അനന്തപുരിയിലേക്ക്.

ഗതി പിടിക്കാൻ സാധ്യത കുറവെന്ന് ജോസ് മോൻ നേരത്തേ, മനസ്സിൽ കണ്ടിരുന്നു. അതുകൊണ്ടാണ് ഐക്യമുന്നണിയിലേക്കൊരു ഘർ വാപസിക്ക് കിണഞ്ഞുശ്രമിച്ചത്. എന്നാൽ, റോഷി അഗസ്റ്റിന്റെ കുതികാൽവെട്ടിൽ മോഹങ്ങൾ തകർന്നു. ആ അടവും ചുവടുമൊക്കെ മറന്ന് ഇടതമർന്നുതന്നെ നിലയുറപ്പിക്കേണ്ടിവന്നു. അതിന്റെ പരിണിതഫലം കൂടിയാണ് പാലായിലെ പരാജയത്തുടർച്ച.

1965ൽ മണ്ഡലം നിലവിൽ വന്നതു മുതൽ 52 വർഷം തുടർച്ചയായി കെ.എം. മാണിയുടെ തട്ടകമായിരുന്നു പാലാ. രണ്ടു തെരഞ്ഞെടുപ്പിൽ കെ.എം. മാണിയെ വിറപ്പിച്ച മാണി സി. കാപ്പൻ അദ്ദേഹത്തിന്‍റെ മരണശേഷം 2019 സെപ്തംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലേക്കു ജയിച്ചു കയറിയത്. ഇടതുതരംഗം ആഞ്ഞടിച്ച 2021ലെ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ 15378 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ വീഴ്ത്തി മാണി സി. കാപ്പൻ അതിശയം വിതറുമ്പോൾ അദ്ദേഹം യു.ഡി.എഫ് പ്രതിനിധിയായിരുന്നു.

സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ ഷോൺ ജോർജിനെ ഇക്കുറി കളത്തിലിറക്കിയ ബി.ജെ.പിക്ക് വോട്ടുവർധിപ്പിക്കാനായി. 2016ൽ ജില്ല പ്രസിഡന്റായിരുന്ന എൻ. ഹരി പാലായിൽ 24821 വോട്ട് പിടിച്ച കണക്കാണ് അവരെ പ്രചോദിപ്പിച്ചത്. ത്രികോണ മത്സരത്തിൽ 50,000 വോട്ട് പിടിച്ചാൽ ജയിക്കാമെന്ന കണക്കുകൂട്ടലുകളുമൊക്കെയായി മുന്നോട്ട് നീങ്ങിയതായിരുന്നു. ഒടുവിൽ പൂഞ്ഞാറിൽ അപ്പൻ പി.സി. ജോർജിനെന്ന പോലെ ഷോണിനും കുരിശായി മോദി സർക്കാർ അവതരിപ്പിച്ച എഫ്.സി.ആർ.എ നിയമം. ക്രൈസ്തവരെയും ഹൈന്ദവരെയും കൃത്യമായി സ്വാധീനിക്കാനുള്ള തന്ത്രങ്ങളൊക്കെ ആവിഷ്‍കരിച്ച് പാലാ പിടിക്കുമെന്ന് മലർപ്പൊലിക്കാരനെപ്പോലെ സ്വപ്നം കണ്ടിരിക്കുമ്പോഴായിരുന്നു ആ തിരിച്ചടി.

വികസന ചർച്ചകളും സൈബർ ആക്രമണങ്ങളും ഒപ്പം വ്യക്തിഹത്യകളും നിറഞ്ഞ പാലായുടെ പ്രചാരണ രംഗം കലുഷിതമായിരുന്നു. വികസന പദ്ധതികൾ ഒന്നും നടക്കുന്നില്ലെന്നായിരുന്നു എൽ.ഡി.എഫ് ആരോപണം. വികസനത്തിന് ജോസും കൂട്ടരും തടസ്സം നിൽക്കുകയാണെന്നും സർക്കാർ പാലായെ പരിഗണിച്ചില്ലെന്നും യു.ഡി.എഫിന്റെ മറുവാദം. പാലാ നഗരസഭയും 12 പഞ്ചായത്തും ഉൾപ്പെടുന്ന പാലാ നിയോജകമണ്ഡലത്തിൽ നഗരസഭയും ആറു പഞ്ചായത്തും ഭരിക്കുന്നത് യു.ഡി.എഫാണ്. വോട്ട് കണക്കിൽ മുന്നിലെത്തിയത് മുൻനിർത്തിയായിരുന്നു എൽ.ഡി.എഫിന്‍റെ കരുനീക്കങ്ങൾ.

ഗ്രാമീണ മേഖലയിലെ ആധിപത്യവും സാധാരണ ജനങ്ങൾക്കിടയിലുള്ള സ്വാധീനവുമാണ് കാപ്പന് തുണയായത്. ഭരണ വിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞതും കാര്യങ്ങൾ എളുപ്പമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k maniMani C KapanAssembly Elections 2026
News Summary - Jose K. Mani loses again in Pala
Next Story