മുന്നണി വിട്ടുപോകില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി ജോസ് കെ. മാണി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇടതുമുന്നണി വിടില്ലെന്ന് ഉറപ്പ് നൽകി കേരള കോൺസ് എം. ചെയർമാൻ ജോസ് കെ. മാണി. ജോസ് കെ. മാണി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയാണ് ഉറപ്പ് നൽകിയതെന്നാണ് സൂചന. ഒരു യു.ഡി.എഫ് നേതാക്കളുമായും ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. കേരള കോൺഗ്രസ് എമ്മിനോട് അവിശ്വാസമില്ലെന്ന നിലപാടിൽ തന്നെയാണ് സി.പി.എം.
തദ്ദേശ തോൽവിയിലെ തിരിച്ചടിക്ക് പിന്നാലെ കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫ് വിടുമെന്നും പാർട്ടിയെ യു.ഡി.എഫിലെത്തിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോസ് കെ. മാണി മുഖ്യമന്ത്രിയെ കണ്ട് ഉറപ്പ് നൽകിയത്. മുന്നണി മാറ്റ വാർത്തകൾ വെറും മാധ്യമ സൃഷ്ടിമാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം അടക്കമുള്ള മധ്യകേരളത്തിൽ തിരിച്ച് വരാനാകും എന്നും അദ്ദേഹം ഉറപ്പ് നൽകി.
നിലവിൽ ഇടതുമുന്നണി വിടേണ്ട സാഹചര്യമില്ലെന്നും എൽ.ഡി.എഫ് യോഗത്തിന് ശേഷം ജോസ്. കെ മാണി വ്യക്തമാക്കിയിരുന്നു. കേരള കോൺഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്, അത് ഇടതു പക്ഷത്തോടൊപ്പമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘടനാപരമായി കേരള കോൺഗ്രസ് എമ്മിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മാണി വിഭാഗത്തെ മുന്നണിയിലെത്തിച്ചാൽ അത് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. എന്നാൽ ജോസ് കെ. മാണിയെ പരസ്യമായി മുന്നണിയിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ല എന്ന നിലാപാടാണ് അവർക്കുള്ളത്. ജോസ് കെ മാണി കൂടെയുണ്ടെങ്കിൽ നൂറ് സീറ്റെങ്കിലും ലഭിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

