‘ഞാനൊരു പാവംപിടിച്ചയാളല്ലേ, പൊലീസും ഭരണവുമെല്ലാം അവരുടെ കൈയിലല്ലേ, ഗൂഢാലോചന തെളിയിക്ക്’ -കെ.എം. എബ്രഹാമിനെതിരെ ജോമോൻ പുത്തൻപുരക്കൽ
text_fieldsജോമോൻ പുത്തൻപുരക്കൽ, കെ.എം. എബ്രഹാം,
തിരുവനന്തപുരം: തനിക്കെതിരെയുള്ള സി.ബി.ഐ അന്വേഷണ ഉത്തരവിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കിഫ്ബി സി.ഇ.ഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം. എബ്രഹാമിന്റെ പരാതിക്കെതിരെ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ. പൊലീസും ഭരണവുമെല്ലാം കൈയിലുള്ള എബ്രഹാം ഈ ആരോപണം തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാനൊരു പാവംപിടിച്ചയാളല്ലേ, പൊലീസും ഭരണവുമെല്ലാം അവരുടെ കൈയിലല്ലേ, ഗൂഢാലോചന തെളിയിക്ക്. അങ്ങനൊരു ഗൂഢാലോചന തെളിയിച്ചാൽ ഞാൻ പൊതുപ്രവർത്തനം നിർത്താം. കെ.എം. എബ്രഹാമിന് ഉളുപ്പുണ്ടോ? ഈ ആരോപണം 2015ൽ ഉന്നയിച്ചപ്പോൾ ഞാൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. അന്ന് താനിങ്ങനെ ഒരാരോപണം ഉന്നയിച്ചിട്ടില്ല എന്ന് പറഞ്ഞ് നിഷേധിച്ചാണ് വിശദീകരണം തന്നത്. ഹൈകോടതിയിലും ഇതേവാദം ഉന്നയിച്ചപ്പോൾ കോടതി ഇടപെട്ട് തിരുത്തിയിരുന്നു. പുള്ളിയുടെ രേഖകളൊന്നും കോടതി പരിഗണിച്ചിട്ടില്ല. കോടതിയെ വെല്ലുവിളിക്കുകയാണ്. പലകേസുകളിലും പ്രതിയായ എബ്രഹാം അതൊക്കെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രൈവറ്റ് സെക്രട്ടറിയായി ഇരിക്കുന്നത്’ -ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു.
‘ഒരാളുമായി പതിനായിരത്തോളം സെക്കന്‍റും മറ്റൊരാളുമായി നാലായിരം സെക്കന്‍റും ജോമോൻ ഫോണിൽ സംസാരിച്ചു’
തനിക്കെതിരെയുള്ള സി.ബി.ഐ അന്വേഷണ ഉത്തരവിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കാണ് കെ.എം. എബ്രഹാം കത്ത് നൽകിയത്. ഗൂഢാലോചന ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം. താൻ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനത്തിന്‍റെ തലപ്പത്ത് ഉണ്ടായിരുന്ന രണ്ടു പേരാണ് പരാതിക്കാരൻ ജോമോൻ പുത്തൻപുരക്കലിനൊപ്പം ഗൂഡാലോചനക്ക് പിന്നിൽ. 2015 മുതൽ ഗൂഢാലോചന നടത്തിവരികയാണ്. മൂന്ന് പേരും സംസാരിച്ചതിന്‍റെ കാൾ റെക്കോർഡ് രേഖ തന്‍റെ പക്കൽ ഉണ്ടെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഒരാളുമായി പതിനായിരത്തോളം സെക്കന്‍റുമായും മറ്റൊരാളുമായി നാലായിരം സെക്കന്‍റും ജോമോൻ സംസാരിച്ചിട്ടുണ്ട്. തനിക്കെതിരെ വിജിലൻസിൽ പരാതി സമർപ്പിക്കുന്നതിന് മുമ്പും മൂവരും തമ്മിൽ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരായ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ അപകീർത്തിപ്പെടുത്താനാണ്.
ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും എബ്രഹാം പരാതിയിൽ പറയുന്നു. തന്‍റെ സ്വത്ത് വിവരങ്ങളും ഭാര്യയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകളും പരാതിക്കൊപ്പം കെ.എം. എബ്രഹാം സമർപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.