
ജോജുവിന്‍റെ കാർ തല്ലിത്തകർത്ത കേസ്: പ്രതികൾ ആരായാലും അറസ്റ്റ് ചെയ്യും -കമീഷണർ
text_fieldsകൊച്ചി: നടൻ ജോജു ജോർജിന്‍റെ വാഹനം തല്ലിത്തകർത്തെന്ന കേസിൽ പ്രതികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി പൊലീസ് കമീഷണർ പറഞ്ഞു. പ്രതി മുൻ മേയർ ആയാൽ പോലും അവരെ അറസ്റ്റ് ചെയ്യും.
കാർ തകർത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജാമ്യമില്ലാത്ത വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ജോജുവിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസ് സമരത്തിന് മൈക്ക് പെർമിഷൻ നൽകിയിരുന്നില്ല. റോഡിന്‍റെ ഒരു ഭാഗത്ത് അഞ്ച് മിനിറ്റ് നേരത്തേക്ക് മാത്രമാണ് അനുമതി നൽകിയത്. എന്നാൽ, സമരം നീണ്ടുപോവുകയും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു. ഇതിനെതിരെ കേസെടുത്തിട്ടുണ്ട്.
ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്. ഇതുവരെ കേസ് എടുത്തിട്ടില്ല. പരാതിയിൽ കഴമ്പില്ലെന്നാണ് മനസ്സിലാകുന്നത്. കൂടുതൽ വിഡിയോകൾ പരിശോധിച്ച ശേഷം മാത്രമാകും കേസ് എടുക്കുകയെന്നും കമീഷണർ പറഞ്ഞു.