കൊച്ചി: റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോർജിന്‍റെ കാര്‍ അക്രമിച്ച സംഭവത്തിൽ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷനിൽ കീഴടങ്ങി. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ നാല് പ്രതികളാണ് മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇന്ധന നികുതി കുറക്കാത്തതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് ചക്രസ്തംഭന സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ കീഴടങ്ങിയത്.
എട്ട് പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രതികൾ കീഴടങ്ങിയതെന്നാണ് റിപ്പോർട്ട്.
നേതാക്കൾക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണെന്നും ഇതിന് പകരം ചോദിക്കുമെന്നും എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മരട് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനം പൊലീസ് വഴിയിൽ തടഞ്ഞു.
ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്‌നമുണ്ടായത്. ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിന് എതിരെയായിരുന്നു ജോജു ജോര്‍ജിന്‍റെ പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്‍റെ കാര്‍ തകര്‍ത്തു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ജോജുവിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജോജുവിന്‍റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി.