കൊച്ചി: ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിൽ ജോജു ജോർജിന് പ്രതിഷേധമുണ്ടെങ്കിൽ അത് പ്രകടിപ്പിക്കേണ്ടിയിരുന്നത് അങ്ങനെയായിരുന്നില്ലെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സമരം നടത്തിയത് കോൺഗ്രസുകാർ ആയത് കൊണ്ട് അത്തരത്തിൽ പ്രതിഷേധിച്ചിട്ടും ആംബുലൻസിൽ പോകാതെ സ്വന്തം കാറിൽ തന്നെ സ്റ്റേഷനിലേക്കും ആശുപത്രയിലേക്കും പോകാൻ ജോജുവിനായെന്നും ഷിയാസ് പറഞ്ഞു.
ഇത് മുണ്ടും മടക്കിക്കുത്തി അടിവസ്ത്രവും കാണിച്ച് സിനിമാ സ്റ്റൈലിൽ വന്ന് ഡയലോഗ് പറച്ചിലാണ്. വനിതാ പ്രവർത്തകരോട് അപമര്യാദയായി പെരുമാറി. ഇത് സംബന്ധിച്ച പരാതി കൊടുത്തിട്ടുണ്ട്. നിയമപരമായിതന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധ സമരത്തിനിടയിലേക്ക് കള്ളുകുടിച്ചെത്തിയ നടന്‍ ജോജു ജോര്‍ജ് വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നും ജോജുവിന്റെ കാറില്‍ മദ്യക്കുപ്പികളും ഗ്ലാസും ഉണ്ടായിരുന്നെന്നും ഷിയാസ് ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചു വര്‍ഷമായെന്നും പരിശോധന നടത്തി ഇതു തെളിയിക്കുമെന്നും നടൻ ജോജു മാധ്യമങ്ങളോട് പ്രതികരിച്ചു.