വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം ഇന്ന്
text_fieldsതിരുവനന്തപുരം: സ്കൂളുകൾ നവംബർ ഒന്നിന് തുറക്കാനുള്ള ക്രമീകരണങ്ങൾ ആലോചിക്കാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ യോഗം വ്യാഴാഴ്ച നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ വൈകീട്ട് അഞ്ചരക്ക് നടക്കുന്ന യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ പെങ്കടുക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ബുധനാഴ്ച പ്രാഥമിക കൂടിയാലോചന നടന്നു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളും പത്ത്, 12 ക്ലാസുകളുമാണ് ആദ്യഘട്ടം തുറക്കുക.
സംസ്ഥാനതലത്തിൽ ബാധകമായ പൊതുമാർഗരേഖയും സ്കൂൾതലത്തിൽ നടപ്പാക്കേണ്ട നിർദേശങ്ങളും പ്രത്യേകം തയാറാക്കാനാണ് ആലോചന. പ്രൈമറി ക്ലാസുകളിൽ ഒരുസമയം ഹാജരാകുന്ന കുട്ടികളുടെ എണ്ണം പത്ത്, 12 ക്ലാസുകളെ അപേക്ഷിച്ച് കുറക്കും. സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണംകൂടി പരിശോധിച്ചുള്ള ശതമാന കണക്കാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. ഇക്കാര്യങ്ങളിൽ ആരോഗ്യവകുപ്പിെൻറ അഭിപ്രായംകൂടി കേട്ടശേഷമാകും അന്തിമ തീരുമാനം.
അധ്യാപക, അനധ്യാപക ജീവനക്കാരിൽ വാക്സിനേഷൻ ബാക്കിയുണ്ടെങ്കിൽ അത് പൂർത്തിയാക്കാൻ നടപടികളുണ്ടാകും. സ്കൂൾ തുറന്നശേഷം അധ്യാപകനോ കുട്ടികൾക്കോ രോഗബാധ സ്ഥിരീകരിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമവും മാർഗരേഖയിൽ ഉൾപ്പെടുത്തും. വിദ്യാർഥിക്ക് രോഗം ബാധിച്ചാൽ ആ കുട്ടിയുടെ ക്ലാസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കും.