കോൺഗ്രസ് പറയുന്നതിൽ കഴമ്പുണ്ട്; അഭിപ്രായം കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ജോൺ ബ്രിട്ടാസ്
text_fieldsതിരുവനന്തപുരം: വിദേശയാത്രക്കുള്ള സർവകക്ഷി സംഘത്തെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എം.പി രംഗത്ത്. സർവകക്ഷി സംഘവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പറയുന്നതിൽ കഴമ്പുണ്ടെന്നും കോണ്‍ഗ്രസിന്റെ അഭിപ്രായം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
ഇന്ത്യക്കുള്ളത് രാഷ്ട്രീയ കക്ഷികളെ അടിസ്ഥാനമാക്കിയുള്ള പാർലമെന്‍ററി ജനാധിപത്യമാണ്. അതിനാൽ കേന്ദ്രസർക്കാറിന് നേരത്തെ തന്നെ ഓരോ പാർട്ടിയെയും വിശ്വാസത്തിൽ എടുക്കാമായിരുന്നു. പ്രതിനിധികൾ ആരൊക്കെയെന്ന് പാർട്ടികളോട് കേന്ദ്രത്തിന് ചോദിക്കാമായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെ വിശ്വാസത്തിൽ എടുക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിനിധികളാക്കാൻ ഉദ്ദേശിക്കുന്നവരുടെ പേരുകൾ അതാത് പാർട്ടികളെ അറിയിക്കാമായിരുന്നു. മുൻകാലങ്ങളിൽ അത്തരത്തിലാണ് കേന്ദ്ര സർക്കാർ പ്രവർത്തിച്ചിരുന്നത്. ശശി തരൂരിന്‍റെ യോഗ്യതയെ കുറിച്ച് സംശയമില്ലെന്നും വിദേശദൗത്യത്തിന്‍റെ ഭാഗമാകുന്നത് അഭികാമ്യമാണെന്ന് വിശ്വസിക്കുന്നുവെന്നും ജോൺ ബ്രിട്ടാണ് വ്യക്തമാക്കി.
ഇന്ത്യയെ പ്രതിനിധീകരിച്ച് മറ്റ് രാജ്യങ്ങൾ പോയി വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ശരിയായ നടപടിയാണ്. അതിനോട് സഹകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. യാത്രയുടെ വിശദാംശങ്ങൾ കേന്ദ്രം നൽകിയിട്ടില്ല.
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗമോ പ്രത്യേക പാർലമെന്‍റ് സമ്മേളനമോ വിളിച്ചു ചേർത്തിട്ടില്ല. ഈ വിഷയങ്ങൾ സജീവമായി ഉന്നയിക്കും. ഓപറേഷൻ സിന്ദൂറിനെ കുറിച്ച് ചില ചോദ്യങ്ങൾ ജനങ്ങൾക്കിടയിലുണ്ടെന്നും അതിൽ കേന്ദ്ര സർക്കാർ പ്രതികരിക്കേണ്ടതുണ്ടെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
‘ഓപറേഷൻ സിന്ദൂർ’ വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടിക കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പ്രകാരം കോൺഗ്രസ് നൽകിയിരുന്നു. കോൺഗ്രസ് നൽകിയ പട്ടികയിൽ മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീർ ഹുസൈൻ എം.പി, രാജ ബ്രാർ എം.പി എന്നിവരാണ് ഉൾപ്പെട്ടത്.
എന്നാൽ, പാർട്ടി നൽകിയ പട്ടികയിലില്ലാത്ത ശശി തരൂരിനെ കോൺഗ്രസ് പ്രതിനിധിയായി കേന്ദ്ര സർക്കാർ ഉൾപ്പെടുത്തി. ഇതിന് പിന്നാലെ പാർട്ടി ഔദ്യോഗികമായി നൽകിയ പട്ടികയിലെ പ്രതിനിധികളുടെ പേരുകൾ കോൺഗ്രസ് കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്.
അതേസമയം, പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നിർദേശിച്ച പേരുകളിൽ ശശി തരൂർ ഉണ്ടായിരുന്നില്ലെന്ന് ജയ്റാം രമേശ് എക്സിൽ വ്യക്തമാക്കി. വിദേശത്തേക്ക് അയക്കേണ്ട പ്രതിനിധി സംഘത്തിലേക്ക് നാലു എം.പിമാരുടെ പേരുകൾ സമർപ്പിക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ഉച്ചയോടെ ഇനി പറയുന്ന പേരുകൾ നൽകി കത്തെഴുതി: മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീർ ഹുസൈൻ എം.പി, രാജ ബ്രാർ എം.പി എന്നിവരാണ് അത് -ജയ്റാം രമേശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

