കെട്ടിപ്പിടിച്ച് സുരേഷ് ഗോപിയും ബ്രിട്ടാസും; കൊമ്പുകോർത്തവർ കൈകൊടുത്തുവെന്ന് നെറ്റിസൺസ്
text_fieldsതിരുവനന്തപുരം: ഒരുമാസം മുമ്പ് പാർലമെന്റിലും മാധ്യമങ്ങൾക്ക് മുന്നിലും പരസ്പരം കൊമ്പുകോർത്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും സി.പി.എം എം.പി ജോൺ ബ്രിട്ടാസും പരസ്പരം കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിങ് ചടങ്ങിലാണ് ഇരുവരും സൗഹൃദം പങ്കുവെച്ചത്. ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഉദ്ഘാടന വേദിയിൽ പരസ്പരം കൈകൊടുക്കുകയും ആേശ്ലഷിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ‘രാഷ്ട്രീയം വേറെ, സൗഹൃദം വേറെ. പരസ്പരം ഏറ്റവും വലിയ രാഷ്ട്രീയ വിമർശകരായിരിക്കുമ്പോഴും ഏറ്റവും നല്ല സുഹൃത്തുക്കളായിരിക്കാനും കഴിയണം’ എന്ന് ചിലർ കമന്റ് ചെയ്യുമ്പോൾ, ‘ഒന്നുകിൽ പാർലമെന്റിലെ പോര്, അല്ലെങ്കിൽ ഈ ആശ്ലേഷണം; ഇതിൽ രണ്ടിലൊന്ന് അഭിനയമാണ്’ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
മധുരയിൽ സി.പി.എം പാർട്ടി സമ്മേളനത്തിന് എത്തിയപ്പോൾ സുരേഷ് ഗോപിക്കെതിരെ കടുത്ത പരിഹാസവുമായി ബ്രിട്ടാസ് രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിയോട് സഹാനുഭൂതി കാണിക്കണമെന്നും അദ്ദേഹത്തെ ആ രീതിയിൽ കാണണമെന്നുമായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം. അദ്ദേഹത്തോട് താൻ ഏറ്റുമുട്ടാൻ ഇല്ലെന്നും സഹാനുഭൂതിയും സ്നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും പരിഹസിച്ചു. ‘സുരേഷ് ഗോപി പറയുന്നത് സീരിയസായി എടുക്കരുത്. അദ്ദേഹം പറയുന്നത് എത്ര ലാഘവത്തോടെയാണ് ഞാൻ കാണുന്നത്. എന്റെ വീട്ടിൽ വന്ന് പറയണമെന്ന് അദ്ദേഹം പറയുമ്പോഴും എനിക്ക് അദ്ദേഹത്തോട് സഹാനുഭൂതിയും സ്നേഹവുമേ ഉള്ളൂ. അദ്ദേഹത്തെ ആ രീതിയിൽ കാണണം. അദ്ദേഹത്തിന്റെ ഓരോ വാക്കും ഗൗരവത്തിൽ കണ്ട് അതിനനുസരിച്ച് പ്രതികരണം നടത്തേണ്ടതില്ല. ഓരോ വ്യക്തിയോടും നമ്മൾ അതിനനുസരിച്ചല്ലേ പെരുമാറേണ്ടത്. അദ്ദേഹത്തിന് പകരം വേറൊരു നേതാവാണ് പറഞ്ഞതെങ്കിൽ നമ്മൾ ഗൗരവത്തോടെ കാണും. സുരേഷ് ഗോപി പറയുന്നതിനെ ബിജെപി പോലും അത് സീരിയസായി എടുക്കുന്നില്ല. കേന്ദ്ര സഹമന്ത്രിയാണ് എന്നത് കറക്റ്റാണ്. എന്നാൽ, അദ്ദേഹത്തോട് സഹാനുഭൂതിയും എംപതിയും പ്രകടിപ്പിക്കണം. നമ്മുടെ ജനപ്രതിനിധിയും സുഹൃത്തുമായ അദ്ദേഹത്തെ തള്ളിക്കളയരുത്. യുക്തിഭദ്രമായി സംസാരിക്കാൻ അദ്ദേഹത്തെ മാധ്യമപ്രവർത്തകരും സഹായിക്കണം’ -ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
‘സുരേഷ് ഗോപി ശത്രുവല്ല. രാഷ്ട്രീയ പ്രതിയോഗി മാത്രമാണ്. കുറച്ചുകൂടി സഭ്യമായ രീതിയിൽ അദ്ദേഹത്തിന് സംസാരിക്കാമായിരുന്നു. പക്ഷേ, ഞാൻ അദ്ദേഹത്തെ കുറ്റം പറയില്ല. കാരണം, അദ്ദേഹം ദീര്‍ഘകാലം സ്‌ക്രിപ്റ്റ്റൈറ്ററുടെ സഹായത്തോടെയാണ് വിരാജിച്ചത്. ഇപ്പോൾ അതിന്റെ അഭാവമുണ്ട്. രാഷ്ട്രീയ സ്‌ക്രിപറ്റ് റൈറ്ററെ വെക്കാൻ രാജീവ് ചന്ദ്രശേഖർ മുൻകൈയെടുക്കണം. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു ചോദിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. രാജ്യസഭയിലെ ചര്‍ച്ചയ്ക്ക് ശേഷം സുരേഷ് ഗോപി പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. അദ്ദേഹം നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു. മിത്രമാണ് സുരേഷ്ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്’ -ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ബ്രിട്ടാസിനെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും സുരേഷ് ഗോപി പൊട്ടിത്തെറിച്ചതിന് പിന്നാലെയായിരുന്നു ബ്രിട്ടാസിന്റെ ഈപ്രതികരണം. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

