ജോലി തട്ടിപ്പ്: ബി.ജെ.പി നേതാവ് ബെന്നി പെരുവന്താനത്തിന്റെ മുൻകൂർജാമ്യ ഹരജി തള്ളി
text_fields1. ബി.ജെ.പി നേതാവ് ബെന്നി പെരുവന്താനം. 2. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ബെന്നിയെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സ്വീകരിക്കുന്നു (ഫയൽ ചിത്രം)
കൊച്ചി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി ബി.ജെ.പി സംസ്ഥാന ഭാരവാഹി ബെന്നി പെരുവന്താനം എന്ന ബെന്നി വർഗീസിന്‍റെ മുൻകൂർജാമ്യ ഹരജി ഹൈകോടതി തള്ളി. 2024 ജൂലൈയിൽ മകനും മരുമകൾക്കും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം തട്ടിയെടുത്തതായി ഏലപ്പാറയിലെ ടാക്സി ഡ്രൈവറാണ് ഇയാൾ അടക്കമുള്ള പ്രതികൾക്കെതിരെ വാഗമൺ പൊലീസിൽ പരാതി നൽകിയത്.
തൊടുപുഴ സെഷൻസ് കോടതി മുൻകൂർജാമ്യ ഹരജി തള്ളിയതിനെത്തുടർന്നാണ് ബെന്നി ഹൈകോടതിയെ സമീപിച്ചത്. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കെ. ബാബു ഹരജി തള്ളുകയായിരുന്നു.
പരാതിക്കാരന്റെ മകന് ഇടുക്കി ആയുർവേദ കോളജിലും മരുമകൾക്ക് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലും ജോലി ലഭ്യമാക്കാൻ 9.40 ലക്ഷം ഹരജിക്കാരന്‍റെ അക്കൗണ്ടിലും 6.60 രൂപ പണമായും നൽകിയെങ്കിലും ജോലി ലഭിച്ചില്ലെന്നാണ് പരാതി.
പി.എസ്.സിയിലുള്ള സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങിക്കൊടുക്കാമെന്നായിരുന്നു ബെന്നിയുടെ വാഗ്ദാനം. പിന്നീട് രാജേഷ് എന്നയാൾ ഉദ്യോഗസ്ഥനെന്ന രീതിയിൽ വിളിച്ച് തുക ആവശ്യപ്പെട്ടു. പിറ്റേ ദിവസം ബെന്നി പെരുവന്താനത്തിനൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോൾ ഫൈസൽ എന്നയാളെ കണ്ടു. തുടർന്നാണ് രാജേഷിന്‍റെ വീട്ടിലെത്തി പണം നൽകിയത്. 2024 ജൂലൈയിൽ മരുമകൾക്ക് ശ്രീചിത്രയിൽനിന്ന് അഭിമുഖത്തിന് വ്യാജ കത്തും ഹാൾ ടിക്കറ്റും തുടർന്ന് അഡ്വൈസ് മെമ്മോയും കിട്ടി. തുടർന്ന് പരാതിക്കാരന് അറിയാവുന്ന അഞ്ചുപേരും ജോലി കിട്ടാനായി 38.30 ലക്ഷം രൂപ രാജേഷിന് നൽകി. ഇവർക്കും വ്യാജരേഖകൾ നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതായപ്പോഴാണ് പരാതി നൽകിയത്. ഫൈസൽ, രാജേഷ്, അഗസ്റ്റിൻ എന്നിവരും പ്രതികളാണ്.
പി.എസ്.സി ജീവനക്കാർക്ക് ഒഴിവുകളിൽ അഞ്ച് ശതമാനം നിയമനസംവരണം ഉണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്
ടാക്സി ഡ്രൈവറായ ബൊണാമി സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇയാളുടെ മകന് ഇടുക്കി ആയുർവേദ കോളജിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി വാഗ്ദാനംചെയ്താണ് തട്ടിപ്പാരംഭിച്ചത്. പി.എസ്.സി ഓഫിസിൽ സ്വാധീനമുണ്ടെന്നും പി.എസ്.സി ജീവനക്കാർക്ക് ഒഴിവുകളിൽ അഞ്ച് ശതമാനം നിയമനസംവരണം ഉണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് മകന് ഇടുക്കിയിൽ ജോലി വാഗ്ദാനംചെയ്ത് അഞ്ചുലക്ഷം രൂപ വാങ്ങി. മുമ്പ് എഴുതിയ പരീക്ഷയിൽ ഏതാനും മാസത്തിനുശേഷം അഡ്വൈസ് മെമ്മോയും ലഭിച്ചു. എന്നാൽ, നിയമനം വൈകുമെന്നും വിശ്വസിപ്പിച്ചു. ഇതിനിടെ സഹോദരഭാര്യക്ക് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ നഴ്സായി ജോലി നൽകാമെന്നും അറിയിച്ചു. ഇതോടെ പരാതിക്കാരൻ ജീപ്പ് വിൽക്കുകയും സ്വർണവും മറ്റും വിറ്റ് ബാങ്ക് വഴിയും രൊക്കമായും 16 ലക്ഷം രൂപയോളം കൈമാറി.
നഴ്സ് ജോലിക്ക് ഇന്റർവ്യൂ ലെറ്റർ ലഭിച്ച് തിരുവനന്തപുരത്ത് ഇവർ അഭിമുഖത്തിന് എത്തിയപ്പോഴാണ് വ്യാജ ലെറ്ററാണ് ലഭിച്ചതെന്ന് മനസ്സിലായത്. തട്ടിപ്പ് മനസ്സിലാക്കിയ പരാതിക്കാരൻ പണം തിരികെ ആവശ്യപ്പെട്ടു. പണം മടക്കിനൽകാമെന്ന് അറിയിച്ചതിനാൽ ഇവർ പൊലീസിൽ പരാതി നൽകിയില്ല. എന്നാൽ, പിന്നീട് പണം നൽകിയില്ല. പിന്നാലെ രാജേഷിന്റെ ഫോണും സ്വിച്ച് ഓഫായി. ഇതേതുടർന്ന് വാഗമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തിരുവനന്തപുരം സ്വദേശി രാജേഷിനെ ഒന്നാം പ്രതിയായെടുത്ത കേസിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ബെന്നി പെരുവന്താനം രണ്ടാംപ്രതിയും തിരുവനന്തപുരം സ്വദേശി അഗസ്റ്റിൻ മൂന്നാംപ്രതിയും വണ്ടിപ്പെരിയാർ സ്വദേശി ഫൈസൽ നാലാംപ്രതിയുമാണ്. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജരേഖകൾ നിർമിച്ചതിന്റെ ഉറവിടമടക്കം അന്വേഷണത്തിൽ ഉൾപ്പെടുന്നുണ്ട്.
അതേസമയം, താൻ നിരപരാധിയാണെന്നും കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് മാറിയതിൽ അലോസരമുള്ള ചിലർ ബോധപൂർവം കേസിൽ കുടുക്കിയതാണെന്നുമാണ് ബെന്നി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

