ജിസ്മോളുടെയും മക്കളുടെയും മരണം: മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നൽകി കുടുംബം
text_fieldsകോട്ടയം: ഏറ്റുമാനൂർ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന് അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. ഹൈകോടതി അഭിഭാഷകയായ കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ(നാല്), നോറ ജിസ് ജിമ്മി (പൊന്നു-ഒന്ന്) എന്നിവരാണ് ഏപ്രിൽ 15 ന് പുഴയിൽ ചാടി മരിച്ചത്. ഇതുസംബന്ധിച്ച് ജിസ്മോളുടെ പിതാവ് തോമസാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പേരൂര്‍ കണ്ണമ്പുര കടവില്‍ ചൂണ്ടയിടുന്നതിനിടെ നാട്ടുകാരിൽ ചിലരാണ് ആറ്റിലൂടെ ഒഴുകി വരുന്ന മൃതദേഹങ്ങൾ കണ്ടത്. നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരിച്ചിരുന്നു. ഏറ്റുമാനൂർ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന് കുഞ്ഞുങ്ങളുമായി ജിസ് മോള്‍ മീനച്ചിലാറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഹൈകോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായിരുന്ന ജിസ് മോള്‍ 2019-20 കാലയളവിൽ മുത്തോലി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. കോൺഗ്രസ് പ്രവർത്തകയായിരുന്ന ഇവർ പൊതുരംഗത്തും സജീവമായിരുന്നു. കുടുംബ പ്രശ്‌നങ്ങളാകാം മരണത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. നീറിക്കാട് കേന്ദ്രീകരിച്ച് എ.ടി.എസ് എന്ന പേരിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിന്‍റെ ഉടമയായ ഭർത്താവ് ജിമ്മി, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിക്കൽ എൻജിനീയറുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.