ജിഷ്ണുവിെൻറ മരണം: പി.ആർ.ഒയുടെ മുൻകൂർ ജാമ്യം 23ന് പരിഗണിക്കും
text_fieldsകൊച്ചി: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കോളജ് പി.ആർ.ഒ സഞ്ജിത് വിശ്വനാഥെൻറ മുൻകൂർ ജാമ്യഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ അധ്യാപകനും പരീക്ഷസെല് അംഗവുമായ വിപിെൻറ ജാമ്യഹരജി കോടതി തീർപ്പാക്കി. വിപിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിെനത്തുടർന്നാണ് ഹരജി തീർപ്പാക്കിയത്.
താൻ നിരപരാധിയാണെന്നും എന്നാൽ, കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്യാൻ ശ്രമം നടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസിലെ രണ്ടാം പ്രതിയായ സഞ്ജിത് മുൻകൂർ ജാമ്യഹരജി നൽകിയിരിക്കുന്നത്. പി.ആർ.ഒയുടെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയെന്ന് പ്രോസിക്യൂഷൻ വാദമുണ്ട്. അതേസമയം, ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യത്തിന് പ്രതിചേർക്കപ്പെട്ടിരിക്കുന്ന വിപിനെ ചോദ്യം ചെയ്യാൻ ഇപ്പോൾ വിളിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ നോട്ടീസ് നൽകിയാകും വിളിപ്പിക്കുകയെന്നും കോടതിയെ ധരിപ്പിച്ചു. തുടർന്ന്, ഇനി അറസ്റ്റിന് സാധ്യത തോന്നിയാൽ വീണ്ടും സമീപിക്കാമെന്ന നിർദേശത്തോടെ ഹരജി തീർപ്പാക്കുകയായിരുന്നു.
