"പിണറായിയുടെ സമരസാന്നിധ്യം ആവേശം, ബ്രിട്ടാസിന് സാമാന്യ മര്യാദ ലംഘിക്കപ്പെട്ടു": കോൺഗ്രസ് നേതാവ് ജിന്റോ ജോൺ
text_fieldsന്യൂഡൽഹി: പെരുമാറ്റത്തിലും ഭരണശൈലിയിലും ഒരുപാട് രാഷ്ട്രീയ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും 81 വയസ്സ് പിന്നിട്ട പിണറായി വിജയൻ ഡൽഹിയിലെ സമരമുഖത്ത് എത്തിയത് വലിയ ആവേശമാണെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. വോട്ട് ചോർച്ചയ്‌ക്കെതിരെയും ജനാധിപത്യം സംരക്ഷിക്കുന്നതിനായും തെരുവിലിറങ്ങുന്ന ഓരോരുത്തരും തൻറെ സമരസഖാക്കളാണെന്നും, മോദി–അമിത് ഷാ–ഗ്യാനേഷ് കുമാർ ത്രയത്തിനെതിരെ പോരാടുന്നവരാണ് ഇന്നത്തെ ഏറ്റവും വലിയ രാജ്യസ്നേഹികളെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഡൽഹിയിൽ പ്രതിപക്ഷ നേതാക്കൾക്കും എം.പിമാർക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷമായ പ്രതിഷേധമാണ് ജിന്റോ ജോൺ രേഖപ്പെടുത്തിയത്. ജോൺ ബ്രിട്ടാസ് എം.പിക്ക് നേരെ ഉണ്ടായത് ഒരുതരത്തിലും തമാശയായി കാണാനാകാത്ത അതിക്രമമാണെന്നും ഒരു പാർലമെന്റ് അംഗത്തിന് ലഭിക്കേണ്ട മിനിമം സംരക്ഷണത്തിന്റെയും സാമാന്യ മര്യാദയുടെയും ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിക്രമം നേരിട്ടപ്പോൾ ബ്രിട്ടാസിന്റെ ശാരീരിക അവശതകളുടെ അളവെടുക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ജെയ്ക് സി. തോമസ് ഉൾപ്പെടെയുള്ളവരുടെ വസ്ത്രം വലിച്ചുകീറിയ സംഭവം അപലപനീയമാണെന്നും, എ.എ. റഹീമിനെ പോലുള്ള ജനപ്രതിനിധികളെ വ്യാകരണം നോക്കിയല്ല സമരാവേശം നോക്കിയാണ് അംഗീകരിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു.
മുമ്പ് രാഹുൽ ഗാന്ധി 'വോട്ടുചോരി' എന്ന് വിളിച്ചുപറഞ്ഞപ്പോൾ മിണ്ടാൻ മടിച്ചവർ പോലും ഇന്ന് അദ്ദേഹം മുന്നോട്ടുവെച്ച അതേ സമരവഴിയിൽ എത്തിയിരിക്കുകയാണ്. മല്ലികാർജുൻ ഖാർഗെയെ വയസ്സിന്റെ പേരിൽ അധിക്ഷേപിക്കുന്നതും ചെന്നൈയിൽ വിദ്യാർത്ഥികളുമായി സംവദിക്കാൻ പോയ രാഹുൽ ഗാന്ധിയെ 'ലീവെടുത്ത് മുങ്ങി' എന്ന് പരിഹസിക്കുന്നതും രാഷ്ട്രീയ അല്പത്തമാണ്. ഭാരത് ജോഡോ യാത്രയെയും രാഹുലിനെയും ആക്ഷേപിച്ചവരുടെ മനോഭാവമല്ല കോൺഗ്രസ് പ്രവർത്തകർ പിന്തുടരേണ്ടത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാനും പോരാടുന്ന എല്ലാവരെയും രാഷ്ട്രീയാന്തസ്സോടെ കാണണമെന്നും ബാക്കി എല്ലാ അഭിപ്രായവ്യത്യാസങ്ങളും വിമർശനങ്ങളും ഈ പ്രക്ഷോഭത്തിന് ശേഷം സംസാരിച്ച് തീർക്കാമെന്നും ജിന്റോ ജോൺ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ഈ സമരത്തിൽ മോദി സർക്കാരിന്റെ അതിക്രമം ഏറ്റുവാങ്ങുന്ന ഓരോ ആളും എന്റെ സമരസഖാവ് തന്നെയാണ്. വോട്ട് ചോരിക്കെതിരെ, ജനാധിപത്യ ഇന്ത്യയുടെ ആരാച്ചാരായ ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന ഓരോരുത്തരുമെന്റെ സമരബോധ സഹപ്രവർത്തകരാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യദ്രോഹികളായ മോദി- അമിത് ഷാ- ഗ്യാനേഷ് കുമാർ ത്രയത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന ഓരോരുത്തരുമാണ് ഇന്നേറ്റവും വലിയ രാജ്യസ്നേഹികൾ.
ഇന്ത്യൻ ജനാധിപത്യത്തിന്, സ്വതന്ത്ര തെരെഞ്ഞെടുപ്പ് സംവിധാനത്തിന് വധശിക്ഷ വിധിച്ചവർക്കെതിരെ തെരുവ് നിറയുന്ന ഓരോരുത്തരും എന്റേത് കൂടിയായ അവകാശ പോരാട്ടത്തിലാണെന്ന് മാനിക്കുന്നതിൽ കക്ഷിരാഷ്ട്രീയ അതിരുകൾ തടസ്സമാകുന്നില്ല. കാരണം രാഹുൽഗാന്ധി മുന്നോട്ട് വയ്ക്കുന്ന കോൺഗ്രസ് ബോധ്യങ്ങളാണ് ഈ സമയം ഫോളോ ചെയ്യുന്നത്. സംഘപരിവാർ വിരുദ്ധ പോരാട്ടങ്ങളിൽ അൽപമനസ്കരായി സമരത്തെ കാണുന്നവരെ അൺഫോളോ ചെയ്യുന്നതാണെന്റെ കാലിക കോൺഗ്രസ് കാഴ്ചപ്പാട്.
പെരുമാറ്റ- സമീപന ശൈലികളിലും അധികാരം ഉപയോഗിച്ച രീതികളിലും ഒരുപാട് രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളപ്പോഴും 81 വയസ്സ് പിന്നിട്ട പിണറായി വിജയന്റെ ഡൽഹിയിലെ സമരസാന്നിധ്യം ഒരാവേശമാണ്. എത്രയോ വട്ടം രാഷ്ട്രീയം പറഞ്ഞേറ്റുമുട്ടിയിട്ടുണ്ടെങ്കിലും ജെയ്ക് സി സി തോമസ് ഉൾപ്പെടെയുള്ളവർ വസ്ത്രം പോലും വലിച്ചുകീറപ്പെട്ട് നേരിട്ട അതിക്രമങ്ങൾക്കെതിരെയാണെന്റെ രാഷ്ട്രീയബോധ്യം. എ എ റഹീമിനെ പോലുള്ള ജനപ്രതിനിധികളെ ആംഗലേയ ഭാഷാവ്യാകരണം നോക്കിയല്ല, സമരാവേശം നോക്കിക്കണ്ടാണ് അംഗീകരിക്കേണ്ടത്. ജോൺ ബ്രിട്ടാസിന് ഇന്ന് നേരിട്ട അക്രമം ഒരുതരത്തിലും, തമാശയായി പോലും സ്വാഗതം ചെയ്യപ്പെടേണ്ടതല്ല. പൗരർക്ക് ഉറപ്പാക്കപ്പെടേണ്ട സ്വാഭാവിക നീതിയുടെ നിഷേധം മാത്രമല്ല, ഒരു പാർലമെന്റ് എംപിക്ക് ലഭിക്കേണ്ട മിനിമം സംരക്ഷണത്തിന്റേയും സാമാന്യ മര്യാദയുടേയും ലംഘനമാണ് ബ്രിട്ടാസ് നേരിട്ടത്. ബ്രിട്ടാസിനെ അക്രമിച്ചതിനെ അഡ്ഡ്രസ് ചെയ്യുമ്പോൾ (അക്രമിച്ചിട്ടുണ്ടെങ്കിൽ എന്നല്ല. അക്രമിച്ചത് തന്നെ) അയാളുടെ ശാരീരിക അവശതകളുടെ അളവെടുത്ത് പരിശോധിക്കുന്നത് ഒരുതരത്തിലും ശരിയായ രീതിയല്ല. ബാക്കിയെല്ലാ അഭിപ്രായവ്യത്യാസങ്ങളും വിമർശങ്ങളും പറയാൻ ഈ സമരശേഷം സമയം കണ്ടെത്തേണ്ടതാണ്. രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന, കോൺഗ്രസ്സിന്റെ സമരാശയം അതാണ്.
അങ്ങനെയല്ലാത്ത ഏതൊരു സമീപനവും അനുചിതമാണ്. 84 വയസ്സ് പിന്നിട്ട മല്ലികാർജ്ജുൻ ഗാർഖേയെ 'ഈ കിളവൻ എന്ത് ചെയ്യാനാണ്' എന്നാക്ഷേപിച്ചവരെപ്പോലെ അല്പരായിക്കൂടാ കോൺഗ്രസ് പ്രവർത്തകർ. സമര ദിനങ്ങളിൽ സമരഭാഗം തന്നെയായ 'ഛത്രോം കി ഗൂഞ്ച്' പരിപാടിക്കായി ചെന്നൈയിൽ പോയി ആയിരക്കണക്കിന് വിദ്യാർത്ഥികളുമായി സംവദിച്ച് സമരസജ്ജരാക്കിയ രാഹുൽഗാന്ധിയെ 'ശനിയാഴ്ച ലീവെടുത്ത് മുങ്ങി' എന്നാക്ഷേപിക്കുന്ന സംഘിഛായയുള്ള വിമർശനം പോലെയാകും അല്പരാഷ്ട്രീയ ആക്ഷേപങ്ങളെല്ലാം.
രാഹുൽഗാന്ധി വർഷം മുൻപേ 'വോട്ടുചോരി' എന്ന് വിളിച്ചുപറഞ്ഞിട്ടും രഹസ്യമായി പോലുമത് ഉച്ചരിക്കാൻ മടിച്ചവരുടെ പോലുള്ള രാഷ്ട്രീയ അല്പത്തമല്ല സംഘികളുടെ സംഘടിത അക്രമത്തിനെതിരെ വേണ്ടത്. രാഹുലെത്ര മുൻപേ മോദിയെ തുറന്നെതിർത്തു!
അന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാർ ഫാക്ടറി നിർമ്മിതമായ 'പപ്പു' എന്ന ആക്ഷേപം ഏറ്റുവിളിക്കുന്ന തിരക്കിലായിരുന്നവർ ഇന്ന് അന്നയാൾ പ്രവചിച്ച സമരവഴിയിൽ എത്തിയിരിക്കുന്നു എന്നതാണ് രാഹുലിന്റെ ശരി. അപ്പോഴൊക്കെ 'ഫാസിസം ഇന്ത്യയിൽ ഇനിയും വന്നിട്ടില്ല' എന്ന് സ്ഥാപിച്ചെടുക്കുന്ന പ്രബന്ധ നിർമ്മാതാക്കളുടെ കാഴ്ചപരിമിതി രാഹുൽ ഗാന്ധിയുടെ ഫോളോവേഴ്സിന് ഉണ്ടായിക്കൂടാ. സംഘപരിവാർ തുറന്നിട്ട, മോദി സർക്കാർ വ്യാപകമാക്കിയ വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാൻ രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ 'കണ്ടൈനർ യാത്ര' എന്നാക്ഷേപിച്ചവരുടെ മനോഗതിയെ അല്ല കോൺഗ്രസ് പ്രവർത്തകർ ഫോളോ ചെയ്യേണ്ടത്.
ഈ സമരത്തിനായി തെരുവുകൾ നിറയുന്ന ഓരോ മനുഷ്യരും തികഞ്ഞ ബഹുമാനവും രാഷ്ട്രീയാന്തസ്സും അർഹിക്കുന്നു. പല വഴിയേ വന്നവർ ഒരൊറ്റ ലക്ഷ്യത്തിനായി പോരാടുമ്പോൾ സമരകാരണമാണ് മാനിക്കേണ്ടത്. ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പുചെയ്ത രാജ്യദ്രോഹികൾക്കെതിരെ, ഗാനേഷ് കുമാറിന്റെ രാജിക്കായി, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാനായി മറ്റെല്ലാം മറന്ന് സമരം ചെയ്യുന്നവരെ രാഷ്ട്രീയാന്തസ്സോടെ അഡ്രസ്സ് ചെയ്യാൻ ശീലിക്കേണ്ടതുണ്ട് സമരമനുഷ്യർ. മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും വ്യാകരണതിരുത്തുകളും ആക്ഷേപങ്ങളും നമുക്ക് ഗാനേഷിന്റെ രാജിക്ക് ശേഷം പറഞ്ഞു തീർക്കാം. ഇനിയുമേറെ സമരദിനങ്ങൾ ബാക്കിയുണ്ടെന്നും ഓർമ്മവേണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

