Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പാതിരാത്രി ആ ചെറുക്കൻ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷ വൃദ്ധകളേയും കാണുന്നില്ല’; ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതികരണവുമായി ഡോ. ജിന്റോ ജോൺ

text_fields
bookmark_border
‘ഗുരുതര വകുപ്പുകൾ ചുമത്താൻ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെടേണ്ടി വന്ന സാഹചര്യം പൊലീസ് സംവിധാനത്തിന്റെ പരാജയം’
‘പാതിരാത്രി ആ ചെറുക്കൻ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷ വൃദ്ധകളേയും കാണുന്നില്ല’; ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതികരണവുമായി ഡോ. ജിന്റോ ജോൺ
cancel

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട നടത്തിപ്പുകാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ നീതിനിഷേധം ആരോപിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ രംഗത്ത്. സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നവർ, ഉന്നതരുടെ മക്കൾ നടത്തുന്ന നിയമലംഘനങ്ങളിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘പാതിരാത്രി ആ ചെറുക്കൻ ലൈസെൻസില്ലാതെ വണ്ടി എടുത്ത് അമിതവേഗത്തിൽ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗ്ഗീയ വിഷ വൃദ്ധകളേയും ഇപ്പോൾ കാണുന്നില്ല’ എന്നും ജിന്റോ ജോൺ കുറിപ്പിൽ ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളിൽ പണിയെടുക്കാനും കുടുംബം പോറ്റാനും സഞ്ചരിക്കുന്ന സാധാരണക്കാരുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ, പണത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്കിൽ ആളെക്കൊല്ലുന്ന ആഡംബര വാഹനത്തിൽ കറങ്ങുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായ മനുഷ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ ചേരാനല്ലൂർ പൊലീസിന്റെ നടപടിയും, ഗുരുതര വകുപ്പുകൾ ചുമത്താൻ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെടേണ്ടി വന്ന സാഹചര്യവും പൊലീസ് സംവിധാനത്തിന്റെ പരാജയമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കൊല്ലപ്പെട്ടയാളുടെ ശരീരം കുടുംബത്തിന് വിട്ടുകിട്ടും മുൻപ് തന്നെ പ്രായപൂർത്തിയാകാത്ത പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകാൻ പൊലീസ് കാണിച്ച വേഗത നീതിബോധത്തിന് നിരക്കാത്തതാണെന്ന് ജിന്റോ ജോൺ കുറ്റപ്പെടുത്തി. അധികാരവും പണവുമുള്ളവരെ കാണുമ്പോൾ കാക്കിയിട്ടവർ കവാത്ത് മറക്കുകയാണെന്നും, സാധാരണക്കാരുടെ കാര്യത്തിൽ നൂലാമാലകൾ തീർക്കുന്നവർ ഉന്നതരുടെ മക്കൾക്കായി വാതിൽ തുറന്നിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഗുരുതരമായ വകുപ്പുകൾ ചുമത്താൻ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെടേണ്ടി വന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. മന്ത്രിക്ക് എത്ര കേസുകളിൽ ഇങ്ങനെ ഇടപെടാനാകും?, മന്ത്രിയോ സർക്കാരോ ഇടപെടാതെ തന്നെ നീതി നടപ്പാക്കാൻ പോലീസ് ശീലിക്കണമെന്നും, അലംഭാവം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാതിരാത്രിയിൽ ബെൻസ് കാറെടുത്ത് കറങ്ങാനിറങ്ങിയ പ്രായപൂർത്തിയാകാത്ത മകന്റെ വിവരങ്ങൾ അറിയാത്ത പിതാവ് ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിലെ അഡീഷണൽ ജഡ്ജിയാണെന്നത് വിരോധാഭാസമാണ്. മകന്റെ പ്രവർത്തനങ്ങൾ അറിയാത്ത അയാൾക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും, ആ ജഡ്ജി വാങ്ങുന്ന ശമ്പളം പാവപ്പെട്ട തട്ടുകടക്കാരന്റെ നികുതിപ്പണത്തിൽ നിന്നുകൂടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നെടുമ്പാശ്ശേരിയിലെ മിനികൂപ്പർ അപകടമായാലും ചേരാനല്ലൂരിലെ ബെൻസ് അപകടമായാലും കൊലയാളികളെ രക്ഷിക്കാൻ അപ്പന്മാർ ഒപ്പമുണ്ടെന്നും, പണത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്കിൽ പാവങ്ങളുടെ ജീവനെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പൊലീസിലും കോടതിയിലും വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പോസ്റ്റിന്റെ പൂർണരൂപം

അയാൾ തട്ടുകട നടത്തിപ്പുകാരനായിരുന്നു. വെളുപ്പിന് കടയടച്ച് വീട്ടിലേക്കുള്ള അരിയും വാങ്ങി മടങ്ങും വഴി വണ്ടിയിടിച്ച് കൊന്നുകളഞ്ഞവൻ കുഞ്ഞാണത്രേ. അപ്പന്റെ ബെൻസിന്റെ അഹങ്കാരത്തിൽ അമിത വേഗമെടുത്ത് ആ പാവപ്പെട്ട കുടുംബത്തെ അനാഥമാക്കിയ കൊലയാളിക്ക് പതിനെട്ട് തികയാൻ മാസങ്ങൾ ബാക്കിയുള്ളത് കൊണ്ട് പേരറിയണ്ട, മുഖം കാണണ്ട. പക്ഷേ കാശിന്റെ ഹുങ്കിൽ എല്ലിനിടയിൽ കുത്തിവേദനയുണ്ടായ ആ ചെറുക്കൻ കൊന്നുകളഞ്ഞ ജയബാലകൃഷ്ണന്റെ മുഖം ഇനി ആ കുടുംബത്തിന്റെ ഓർമ്മകളിൽ മാത്രം.

കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിന് വിട്ടുകിട്ടും മുൻപ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കൊടുക്കാൻ ആവേശം കാണിച്ച ചേരാനല്ലൂർ പോലീസിന്റെ വേഗത നീതിബോധത്തിന്റേതല്ല. അധികാരവും പണവുമുള്ളവരെ കാണുമ്പോഴുള്ള യജമാന വിധേയത്വത്തിന്റേതാണ്. ഗുരുതര വകുപ്പുകൾ ചുമത്താൻ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെടേണ്ടി വരുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. മന്ത്രിക്ക് എത്ര കേസുകളിൽ ഇങ്ങനെ ഇടപെടാനാകും. മന്ത്രിയോ സർക്കാരോ ഇടപെടാതെ തന്നെ, നീതി നിഷേധിക്കപ്പെടാതെ നിയമം നടപ്പാക്കാൻ പോലീസ് ശീലിക്കണം.

കാശുള്ളവരെ കാണുമ്പോൾ കവാത്ത് മറക്കുന്ന കാക്കിയിട്ടവരുടെ പോറാട്ട് നാടകത്തിന് സർക്കാരാണ് ഉത്തരം പറയേണ്ടി വരുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ അലംഭാവം കാണിച്ച ഉദ്യോഗസ്ഥരുടെ നടപടികളും അന്വേഷിക്കപ്പെടണം. കുടുംബം പോറ്റാൻ രാപകലുകൾ പണിയെടുത്ത മനുഷ്യനെ കൊന്നുകളഞ്ഞവന് വീണ്ടും വീണ്ടും ജാമ്യം കൊടുക്കാൻ വേണ്ടി വെളുപ്പിന് തുറന്നുവച്ചിരിക്കുന്ന 'ജസ്റ്റിസ്‌' ബോർഡുകളുടെ നീതിബോധവും വിചാരണ ചെയ്യപ്പെടണം. സാധാരണക്കാരുടെ വണ്ടിയൊന്ന് ഉരഞ്ഞാൽ പോലും ജീവിതം പെരുവഴിയിലാക്കുന്ന നടപടിക്രമങ്ങളുടെ നൂലാമാലകൾ 'ഉന്നതരുടെ' കൊലയാളി മക്കൾക്കായി ജാമ്യം കൊടുക്കുന്ന വേഗതയും സംശയകരമാണ്. ഇതിനെല്ലാം പുറകിൽ നടന്ന കുറ്റകരമായ മൗനങ്ങളും, കണ്ണടക്കലുകളും, ഗൂഡാലോചനകളും അന്വഷിക്കപ്പെടണം.

പാതിരാത്രി ബെൻസെടുത്ത് കറങ്ങാനിറങ്ങിയവന്റെ 'ഇതൊന്നുമറിയാതെ' വീട്ടിൽ കിടന്നുറങ്ങിയ പിതാവാരെന്നോ? ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിലെ അഡീഷണൽ ജഡ്ജി! വല്ലാത്തൊരു നീതിബോധം!! പ്രായപൂർത്തിയാകാത്ത ആ ചെറുക്കന്റെ വണ്ടിക്കറക്കം ഇതുവരെ അറിയാത്ത അയാൾക്ക് ആ സ്ഥാനത്തിരിക്കാൻ ഒരു യോഗ്യതയുമില്ല. ഇക്കഴിഞ്ഞ ഒന്നാം തീയതി ഈ ജഡ്ജി വാങ്ങിയ ശമ്പളം ആ പാവം തട്ടുകടക്കാരന്റെ നികുതിപ്പണത്തിൽ നിന്നുകൂടിയാണ്.

പാതിരാത്രി ആ ചെറുക്കൻ ലൈസെൻസില്ലാതെ വണ്ടിയെത്ത് അമിതവേഗത്തിൽ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗ്ഗീയ വിഷ വൃദ്ധകളേയും ഇപ്പോൾ കാണുന്നില്ല. പണിയെടുക്കാനും കുടുംബം പോറ്റാനും വിശപ്പടക്കാനും രാത്രി സഞ്ചരിക്കുന്നവരുടെ മേൽ കുറ്റം കണ്ടെത്തുന്ന വൈകൃത മനസ്കർ അദ്ധ്വാനമില്ലാതെ വിശപ്പ് മാറിയതിന്റെ അഹങ്കാരത്തിൽ ആളെക്കൊല്ലാൻ ആഡംബര വാഹനകറക്കം നടത്തുന്നവരെ പൂട്ടിയിടേണ്ടതിന്റെ നീതി പറയുന്നില്ല.

വണ്ടിയിടിച്ച് മനുഷ്യരെ കൊന്ന നെടുമ്പാശ്ശേരിയിലെ മിനികൂപ്പറായാലും ചേരാനല്ലൂരിലെ ബെൻസായാലും കൊലയാളികളുടെ കോമൺ ഇലമെന്റ് കാശുള്ളതിന്റെ എല്ലുകുത്തി വേദനയാണ്. രണ്ടിടത്തും അപ്പനും ഉപ്പയും കൂടി മക്കളെ ഊരിയെടുക്കാൻ നോക്കുന്നുമുണ്ട്. മക്കളെ സഹാനുഭൂതിയോടെ വളർത്താനാകാത്ത പരാജയപ്പെട്ട കുറേ അച്ഛന്മാർ ഇനിയുമിവിടെ ഒരുപാട് പാവങ്ങൾക്ക് നടുറോഡിൽ മരണം സമ്മാനിക്കും. പക്ഷേ അവരുടെ നീതിബോധമില്ലായ്മക്ക് നിയമത്തിന്റെ കവചമൊരുക്കാൻ പോലീസോ നീതിന്യായ സംവിധാനങ്ങളോ നിന്നുകൊടുത്താൽ ക്ഷമിക്കാവുന്നതല്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പോലീസിലും കോടതിയിലും വിശ്വാസം നഷ്ടപ്പെട്ടു എന്ന് കേൾക്കാൻ ഇടവരരുത്. ഉച്ചത്തിൽ പ്രതികരിക്കും

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister Intervention Deplorable: Jinto John
Next Story