ദിവ്യ എസ്. അയ്യർക്കെതിരെ ജിന്‍റോ ജോൺ; ‘പിണറായി സ്തുതി നടത്തുന്നവർ ഭാര്യയോ ഭർത്താവോ മക്കളോ ആണെങ്കിൽ ഭാരം കോൺഗ്രസ് താങ്ങേണ്ടതില്ല’
text_fieldsകോഴിക്കോട്: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ. സാധാരണ മനുഷ്യർക്ക് മേൽ ദുരിതം സമ്മാനിക്കുന്ന സർക്കാറിനെയും കൊള്ളയടിക്ക് ചൂട്ട് കത്തിക്കുന്ന പാർട്ടിയെയും പുകഴ്ത്തുന്നവർ കപടരാണെന്ന് ജിന്‍റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു. സെക്രട്ടറിയേറ്റിന് മുമ്പിൽ സമരമിരിക്കുന്ന ആശ വർക്കർമാരുടെയും വനിതാ സി.പി.ഒ റാങ്ക് ജേതാക്കളുടെയും മുഖം കണ്ടുകൊണ്ട് ഇതിനെല്ലാം കാരണഭൂതനായയാളുടെ രാഷ്ട്രീയ ഉപദേശകന്റെ പാർട്ടി സ്ഥാനാരോഹണത്തെ പുകഴ്ത്തി പറയുന്നതിന് ചില്ലറ കാഴ്ചക്കുറവൊന്നും പോരെന്നും ജിന്‍റോ ജോൺ ചൂണ്ടിക്കാട്ടി.
നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങുന്ന ഒരൊറ്റ സർക്കാർ ഉദ്യോഗസ്ഥരും സി.പി.എം നേതാക്കളുടെ പാദസേവകരും പുകഴ്ത്തുപാട്ടുകാരും ആകുന്നത് ജനങ്ങൾക്ക് ഇഷ്ടമല്ല. അത് ഉത്തരവാദിത്ത ലംഘനം തന്നെയാണ്. അതിപ്പോൾ പാർട്ടി നേതാക്കളുടെ ഭാര്യമാരായാലും ഭർത്താക്കന്മാരായാലും മക്കളായാലും, തരം കിട്ടുമ്പോഴൊക്കെ പിണറായി സ്തുതികളും പാർട്ടി നേതാക്കളെ പുകഴ്ത്തലും നടത്തുന്നവരുടെ ഭാരം കോൺഗ്രസ് താങ്ങേണ്ടതില്ല. കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തസ്തികയിലിരിക്കുന്ന സമയത്തല്ലേ നവീൻ ബാബുവിന്റെ നിഗൂഢ മരണത്തിന്റെ മറവിൽ വ്യാജ പരാതി രേഖകൾ ചമക്കപ്പെട്ടതെന്ന് എഫ്.ബി പോസ്റ്റിൽ ജിന്‍റോ ജോൺ ചൂണ്ടിക്കാട്ടുന്നു.
ഡോ. ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
കർണ്ണനല്ല. കവച കുണ്ഡലങ്ങളുമില്ല. പക്ഷേ വകതിരിവ് അല്പമെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട്, അതുകൊണ്ട് മാത്രം മിണ്ടാമെന്ന് കരുതി. അധികാര മട്ടുപ്പാവിലിരിക്കുന്നവരെ പുകഴ്ത്തി ഒന്നും നേടാനില്ലാത്തത് കൊണ്ട്, നേടേണ്ട എന്ന് തീരുമാനിച്ചുറച്ചത് കൊണ്ട് എന്റെ കാഴ്ച എപ്പോഴും സാധാരണ മനുഷ്യരുടെ കണ്ണുകളിലേക്കാണ്. അധികാര സോപാനങ്ങൾ കയറുന്നവർ ചവിട്ടിതേച്ച് കടന്നു പോകുന്ന പുഴുസമാന മനുഷ്യരുടെ വികാര വിക്ഷുബ്ധ കണ്ണുകളിൽ.
അവരെന്തുകൊണ്ടാണ് ഇതുപോലെ തേങ്ങുന്നതെന്ന് തിരിച്ചറിഞ്ഞാലേ ഈ സങ്കടങ്ങൾക്കെല്ലാം കാരണഭൂതരെ പുകഴ്ത്തി പാടാതിരിക്കാനുള്ള സാമാന്യ ബോധ്യമെങ്കിലും കിട്ടൂ. കുറഞ്ഞപക്ഷം ആ നവീൻ ബാബുവിന്റെ പ്രിയപ്പെട്ടവളുടെ കണ്ണീരുണങ്ങാത്ത കണ്ണുകളെങ്കിലും കാണണ്ടേ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിതനായ കെകെ രാഗേഷ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തസ്തികയിലിരിക്കുന്ന സമയത്തല്ലേ നവീൻ ബാബുവിന്റെ നിഗൂഢ മരണത്തിന്റെ മറവിൽ വ്യാജ പരാതി രേഖകൾ ചമയ്ക്കപ്പെട്ടത്? പിപി ദിവ്യ മരണദൂത് വായിക്കുമ്പോൾ മൂക്ക് ചൊറിഞ്ഞു ചിരിയടക്കിപ്പിടിച്ച കണ്ണൂർ കളക്ടർക്കും തുടർന്നിങ്ങോട്ട് രണ്ടൊപ്പുള്ള പ്രശാന്തനും രണ്ടിൽക്കൂടുതൽ നിലപാടുള്ള പാർട്ടി കൊലയാളികൾക്കും സർവ്വ സൗകര്യവും ചെയ്തുകൊടുത്തതിൽ എകെജി സെന്ററിലേയും മുഖ്യമന്ത്രിയുടെ ഓഫീസിലേയും കുറേ ഉന്നതർ ഉണ്ടായിരുന്നല്ലോ.
ഈ ഉന്നതർക്കെല്ലാം പരസ്പരം പുകഴ്ത്തുന്നതും പാരിതോഷികങ്ങൾ കൈമാറുന്നതും പതുവാണെന്നറിയാം. എന്നാലും ഒരു കാര്യം ഓർമ്മിപ്പിക്കുന്നു. ഞങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങുന്ന ഒരൊറ്റ സർക്കാർ ഉദ്യോഗസ്ഥരും സിപിഎം നേതാക്കളുടെ പാദസേവകരും പുകഴ്ത്തുപാട്ടുകാരും ആകുന്നത് ഞങ്ങൾക്കിഷ്ടമല്ല. അത് ഉത്തരവാദിത്ത ലംഘനം തന്നെയാണ്. അതിപ്പോൾ പാർട്ടി നേതാക്കളുടെ ഭാര്യമാരായാലും ഭർത്താക്കന്മാരായാലും മക്കളായാലും, തരം കിട്ടുമ്പോഴൊക്കെ പിണറായി സ്തുതികളും പാർട്ടി നേതാക്കളെ പുകഴ്ത്തലും നടത്തുന്നവരുടെ ഭാരം കോൺഗ്രസ്സിന് താങ്ങേണ്ടതില്ല. ഈ നിലപാടിനൊപ്പം ഒരുന്നതരുമില്ലെങ്കിലും ആയിരമായിരം സാധാരണ മനുഷ്യരുണ്ടാകുമെന്ന തിരിച്ചറിവുണ്ട് ഞങ്ങൾക്ക്.
ഏതെങ്കിലും നേതാക്കളുടെ കുടുംബാംഗങ്ങൾ പറയുന്നതിന്റെയും ചെയ്യുന്നതിന്റെയും വിഴുപ്പ് ഭാണ്ഡങ്ങൾ ചുമക്കാൻ നേരമില്ലാത്ത വിധം തിരക്കിലാണ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം. കാരണം ഞങ്ങൾക്ക് വലിയൊരു ദൗത്യം നിറവേറ്റാനുണ്ട്. കേരളത്തിന്റെ ദുരവസ്ഥയുടെ കാരണഭൂതനായ പിണറായി സർക്കാരിന്റെ ദുരന്തഭരണം തുടച്ചുനീക്കേണ്ട ഉത്തരവാദിത്തം. അതിനിടയിൽ ശിവശങ്കരനെ പോലെ, എം ആർ അജിത്കുമാറിനെ പോലെ, കെ എം എബ്രഹാമിനെ പോലെ, അരുൺ കെ വിജയനെ പോലെ, സുജിത് ദാസിനെ പോലെ, ദിവ്യ എസ് അയ്യരെ പോലെ,... പലരുമുണ്ടാകും. മുൻകാലങ്ങളിൽ ഈ ജനവിരുദ്ധ സർക്കാരിനെ പുകഴ്ത്തിവർ ഒക്കെ ഏത് വിഭാഗമായിരുന്നു എന്നുകൂടി ഓർക്കണം നമ്മൾ. ഭരണ പാർട്ടി നേതാക്കളെ പരസ്യമായി പുകഴ്ത്താതെ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരൊക്കെ കഴിവ് കെട്ടവരാണെന്ന് ധാരണയും വേണ്ട. ശമ്പളം പറ്റുന്നത് ജനസേവനത്തിനാണ്, മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി നാവാടാനല്ല എന്ന് കൃത്യമായി ബോധ്യമുള്ളവർ വകതിരിവോടെ ജോലി ചെയ്യുന്നുവെന്ന് മാത്രം.
പല നന്മമരങ്ങളുടെയും കാതൽ തെളിയുന്നത് അവരെടുക്കുന്ന രാഷ്ട്രീയ നിലപാടുകളിലൂടെയാണ്. എന്റെ നാട്ടിലെ ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും കൊടുക്കാനാകാത്ത, റേഷൻ നേരാംവണ്ണം കൊടുക്കാനാകാത്ത, കാലിയായ സപ്ലൈകോ നിറക്കാനാകാത്ത, വൈദ്യുതി, വെള്ളം തുടങ്ങി വീട്ടുകരവും ഭൂനികുതിയും പെട്രോളിയം സെസ്സും കൂട്ടി കൊള്ളയടിക്കുന്ന, വിലക്കയറ്റം തടയാനാകാത്ത, കർഷകരെ സഹായിക്കാനാകാത്ത, വിദ്യാർത്ഥികളേയും യുവജനങ്ങളെയും വഞ്ചിക്കുന്ന, പാചക തൊഴിലാളികളേയും, കുടുംബശ്രീ ഹോട്ടലുകാരേയും, കരാറുകാരേയും പെൻഷൻകാരേയും എന്നുവേണ്ട സമസ്ത മേഖലകളിലെയും സാധാരണ മനുഷ്യർക്ക് മേൽ ദുരിതം സമ്മാനിക്കുന്ന സർക്കാരിനെയും ഈ കൊള്ളയടിക്ക് ചൂട്ട് കത്തിക്കുന്ന പാർട്ടിയേയും പുകഴ്ത്തുന്നവർ കപടരാണ്. സെക്രട്ടറിയേറ്റിന് പുറത്ത് രണ്ടുമാസമായി സമരത്തിലിരിക്കുന്ന ആശ വർക്കർമാരുടെ മുഖം കണ്ടിട്ട്, ചോരകൊണ്ട് പ്രതിഷേധ ബാനറെഴുതിയ വനിതാ സിപിഒ റാങ്ക് ജേതാക്കളുടെ മുഖം കണ്ടുകൊണ്ട് ഇതിനെല്ലാം കാരണഭൂതനായയാളുടെ രാഷ്ട്രീയ ഉപദേശകന്റെ പാർട്ടി സ്ഥാനാരോഹണത്തെ പുകഴ്ത്തി പറയുന്നതിന് ചില്ലറ കാഴ്ചക്കുറവൊന്നും പോരാ. കണ്ണടകൾ മാറ്റിവക്കണം, കാഴ്ചകൾ തെളിച്ചമുള്ളതാകട്ടെ.
പ്രിയപ്പെട്ട പാർട്ടി പ്രവർത്തകരോട്, നമ്മൾ നമ്മളിലും നമ്മുടെ നേതാക്കളിലും ആത്മവിശ്വാസം പുലർത്തി പ്രവർത്തിച്ചാൽ മതി. നേതാക്കളുടെ ബന്ധുക്കളുടെ ബലത്തിലല്ല കോൺഗ്രസ് ജയിക്കുന്നത്. ഓരോ കോൺഗ്രസ്സുകാരേയും കാണുമ്പോൾ ഈ നാട്ടിലെ സാധാരണ മനുഷ്യരുടെ കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കമാണ് നമ്മുടെ ശോഭ. അത് കെട്ടുപോകാതെ കരുതലോടെ, കരുത്തോടെ മുന്നോട്ട് നീങ്ങാം. ജന്മം കൊണ്ട് ആർക്കും ദിവ്യത്വമുണ്ടാകില്ലല്ലോ. നമ്മുടെ കർമ്മം കൊണ്ടല്ലേ ദിവ്യത്വമുണ്ടാകുക, ഉമ്മൻ ചാണ്ടിയെ പോലെ... ആയിരമായിരം മനുഷ്യരുടെ മനസ്സുകളിൽ ആ മനുഷ്യൻ വാഴ്ത്തപ്പെട്ടത് ജനക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടല്ലേ. ഉന്നത ഉദ്യോഗസ്ഥരുടെ പി ആർ വ്യായാമത്തിലൂടെ അല്ലല്ലോ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.