ആർ.എസ്.എസ് ആസ്ഥാനത്ത് എന്നാണ് ദേശീയ പതാക ഉയർത്താൻ തുടങ്ങിയത്? -ഡോ. ജിന്റോ ജോൺ
text_fieldsഡോ.ജിന്റോ ജോൺ
കൊച്ചി: നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് എന്നുമുതലാണ് ദേശീയ പതാക ഉയർത്തി തുടങ്ങിയതെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ചാനൽ ചർച്ചയിൽ ബി.ജെ.പി പ്രതിനിധിയായ ജിതിൻദേവിനോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
‘നിങ്ങളിപ്പോൾ ഹർ ഘർ തിരംഗ എന്നൊക്കെ പറയുന്നില്ലേ. ആർ.എസ്.എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയ മൂന്ന് ചെറുപ്പക്കാരെ 13 വർഷക്കാലം കോടതി കയറ്റിയില്ലേ നിങ്ങൾ. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എന്നുമുതലാണ് ദേശീയ പതാക ഉയർത്തി തുടങ്ങിയത്. സ്വാതന്ത്ര്യ സമരത്തെ കുറിച്ച് നിങ്ങൾക്ക് എന്ത് അവകാശപ്പെടാനുണ്ട്?’ -അദ്ദേഹം ചോദിച്ചു.
‘നിങ്ങൾ ജയിലിൽ പോയവരുടെയും മരണപ്പെട്ടുപോയവരുടെയും കഥയൊക്കെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് 75 വർഷക്കാലം ഇത് പറയാൻ പറ്റാതിരുന്നത്. ഗാന്ധിവധമടക്കം ഒരുപാട് ആക്ഷേപങ്ങൾക്ക് സംഘ്പരിവാർ വിധേയരായത് എന്തുകൊണ്ടാണ്? ഹെഡ്ഗേവാർ, ഗോൾവാർക്കർ, ശ്യാമപ്രസാദ് മുഖർജി, സവർക്കർ തുടങ്ങി ഏറ്റവും വലിയ സംഘ്പരിവാർ താത്വികാചാര്യന്മാരും നേതാക്കളും സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുക്കുന്ന ആളുകളായിരുന്നു. നിങ്ങളുടെ ചരിത്രം പിന്നെ ചരിത്രകാരന്മാർ എങ്ങനെ എഴുതാനാണ്? ചരിത്രം വളച്ചൊടിക്കുമ്പോൾ ഈ രാജ്യത്തെ എല്ലാ വിഭാഗത്തിൽപ്പെട്ട പാർട്ടികളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറികടന്ന് ഒന്നിച്ചുനിന്ന് നിങ്ങളെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലായോ. നിങ്ങളായിരുന്നു എല്ലാ കാലത്തും ഈ രാജ്യത്തെ മുഖ്യധാര ഒറ്റുകാർ, അതുകൊണ്ടാണ്.
എന്നിട്ട് ഇപ്പോൾ സ്വാതന്ത്ര്യദിനത്തിന് വന്ദേമാതരം ചൊല്ലണം, മുഴുവൻ ചൊല്ലണം, പതാക ഉയർത്തണം എന്നൊക്കെ പറയാൻ നിങ്ങൾക്ക് എന്ത് അവകാശമുണ്ടെന്ന് ആദ്യം ആലോചിക്കണം. രാജ്യം രക്ഷപ്പെടാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് സംഘ്പരിവാർ പറയുന്നത്. രാജ്യം രക്ഷപ്പെടാൻ വേറെ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. അമ്പലക്കൊള്ളയും അയോധ്യ കൊള്ളയും നിർത്തണം, നികുതിക്കൊള്ള നിർത്തണം, കുട്ടികളുടെ ചോദ്യപ്പേപ്പർ ചോർച്ച നിർത്തണം. ഈ രാജ്യത്തെ ജനാധിപത്യ മോഷണം നിർത്തണം. ഇങ്ങനെ കുറേ കാര്യങ്ങൾ ആദ്യം ചെയ്യണം’ -അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കേരളത്തിന്റെ ഭരണസിരാ കേന്ദ്രങ്ങളിൽ എത്തിയശേഷമാണ് ടി.ജി. മോഹൻദാസിനും ശശികലക്കും ആർ.വി ബാബുവിനുമെതിരെ പരാതി കൊടുക്കാൻ സഖാക്കന്മാർക്ക് പോലും ധൈര്യം കിട്ടിയതെന്നും ജിന്റോ ജോൺ പറഞ്ഞു. ‘കഴിഞ്ഞ 10 വർഷക്കാലം ഏതെങ്കിലും ഒരു സഖാവിന് പിണറായി വിജയൻ ഒരു പരാതി കൊടുക്കാൻ പറ്റിയിട്ടുണ്ടോ? ആർഎസ്എസിന്റെ സ്കൂളുകളിൽ പാദ പൂജ ചെയ്തതിനെതിരെ എൽ.ഡി.എഫ് സർക്കാർ എന്ത് നടപടിയെടുത്തു? ആർഎസ്എസിന്റെ സ്കൂളിൽ ബോംബ് പൊട്ടിയപ്പോൾ എന്ത് നടപടിയെടുത്തു? പാലത്തായിലെ പീഡകനെതിരെ എന്ത് നടപടിയെടുത്തു?
കൊടകര കുഴൽ കേസിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ രക്ഷപ്പെടുത്തുന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാർ എടുത്തത്. ഒന്നാം പിണറായി വിജയൻ സർക്കാരിലെ റവന്യൂ മന്ത്രി ചന്ദ്രശേഖരനെ ഇടിച്ച് ഇഞ്ചപരുവമാക്കിയ ബിജെപിക്കാർക്ക് രക്ഷപ്പെടാൻ വേണ്ടി സിപിഎം നേതാക്കൻമാർ കൂറുമാറി. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രനെതിരെ പിണറായി പൊലീസ് എന്ത് നടപടിയെടുത്തു? തൃശ്ശൂർ പൂരം കലക്കിയ അജിത് കുമാറിനെതിരെ എന്ത് നടപടിയെടുത്തു? ആർഎസ്എസിനെ പാർലമെന്റിലേക്ക് അയച്ചതിന് നിങ്ങൾ എന്ത് നടപടിയെടുത്തു? ശബരിമലയിൽ വത്സൻ തില്ലങ്കേരിക്ക് പൂണ്ടുവിളയാടാൻ അവസരം കിട്ടിയത് പിണറായി വിജയന്റെ കാലത്തല്ലേ?’ -ജിനേറാ ജോൺ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

