ജിനേഷിന്‍റെ ദുരൂഹ മരണം, ഭാര്യ രേഷ്മയുടെ ആത്മഹത്യ, പണം നൽകിയവരുടെ ഭീഷണിയെന്ന് കുടുംബം
text_fieldsകൽപ്പറ്റ: വയനാട് സ്വദേശി കോളിയാടി പെലക്കുത്തു വീട്ടിൽ ജിനേഷ് സുകുമാരൻ(38) ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിലും ഭാര്യ രേഷ്മ(34) നാട്ടിലെ വീട്ടിൽ ജീവനൊടുക്കിയതിലും ആരോപണവുമായി കുടുംബം രംഗത്തെത്തി. പലിശക്ക് പണം നൽകിയവരുടെ ഭീഷണി മൂലമാണ് മരിച്ചതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. രേഷ്മയുടെ അമ്മ ഷൈലയാണ് സുൽത്താൻ ബത്തേരി പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.
ജൂലൈ നാലിനാണ് ഇസ്രയേലിലെ ജറുസലേമിലെ മേവസരേട്ട് സിയോനിയിൽ ജോലി ചെയ്തിരുന്ന രേഷ്മയുടെ ഭർത്താവും ബത്തേരി കോളിയാടി പെലക്കുത്ത് സ്വദേശിയുമായ ജിനേഷ് പി. സുകുമാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇസ്രായേലില്‍ കെയര്‍ ഗിവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ജിനേഷിനെ തൂങ്ങി മരിച്ച നിലയിലും വീട്ടുടമസ്ഥയെ കുത്തേറ്റു മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. മരിച്ച വയോധികയുടെ ഭര്‍ത്താവിനെ പരിചരിച്ചു വരികയായിരുന്നു ജിനേഷ്.
പിന്നാലെ ഡിസംബർ 30നാണ് കോളിയാടിയിലെ വീട്ടിൽ രേഷ്മ ആത്മഹത്യ ചെയ്തത്. കോവിഡ് കാലത്തുണ്ടായ ബിസിനസ് നഷ്ടത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ജിനേഷ് ബീനാച്ചി സ്വദേശികളായ രണ്ടുപേരിൽനിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായാണ് കുടുംബത്തിന് ലഭിച്ച വിവരം. ഈടായി ചെക്ക് ലീഫും മുദ്രപത്രങ്ങളും നൽകിയിരുന്നു. പണം കടം തന്നവർ പറഞ്ഞതു പ്രകാരം ജിനേഷ് പണം പലപ്പോഴായി മടക്കി നൽകി. എന്നാൽ തനിക്ക് പണം ലഭിച്ചില്ലെന്നും ഇനിയും 20 ലക്ഷം കിട്ടാനുണ്ടെന്നും കാണിച്ച് ചുള്ളിയോട് സ്വദേശി ഈടായി കിട്ടിയ ചെക്ക് ലീഫ് ഉപയോഗിച്ച് കോടതിയെ സമീപിച്ചു. പണം കിട്ടിയില്ലെന്ന് കാണിച്ച് മറ്റൊരു ചെക്ക് ലീഫ് ഉപയോഗിച്ച് ബീനാച്ചി സ്വദേശിയും കോടതിയെ സമീപിച്ചു. രണ്ട് കേസുകളിലും ജിനേഷും രേഷ്മയും സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പരാതിയിൽ പറയുന്നു.
കേസുകൾക്ക് പിന്നാലെ കോളിയാടിയിലെ ഇവരുടെ വീടും സ്ഥലവും അറ്റാച്ച് ചെയ്തിരിക്കയാണ്. ഇരുവർക്കും പത്തു വയസുള്ള മകളുണ്ട്. ഇരുവരുടെയും മാതാപിതാക്കൾക്കൊപ്പമാണ് കുഞ്ഞ് ഇപ്പോൾ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

