Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയും മോദിയും...

പിണറായിയും മോദിയും തമ്മിൽ രഹസ്യ പാക്കേജുണ്ടെന്ന്​ ജിഗ്‌നേഷ് മേവാനി; 'ഫാഷിസത്തെ നേരിടുന്നതില്‍ പിണറായിക്ക് ഇരട്ടചങ്കല്ല, ഇരട്ടമുഖം'

text_fields
bookmark_border
പിണറായിയും മോദിയും തമ്മിൽ രഹസ്യ പാക്കേജുണ്ടെന്ന്​ ജിഗ്‌നേഷ് മേവാനി; ഫാഷിസത്തെ നേരിടുന്നതില്‍ പിണറായിക്ക് ഇരട്ടചങ്കല്ല, ഇരട്ടമുഖം
cancel
Listen to this Article

കൊച്ചി: സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഫാഷിസം അരങ്ങേറുന്ന ഗുജറാത്ത് വികസനമാതൃക പഠിക്കാനും പകര്‍ത്താനുമുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടി അപകടകരമാണെന്ന് ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി.​ ആശങ്കയുണ്ടാക്കുന്ന ഈ നടപടിക്ക്​ പിന്നിൽ പിണറായിയും മോദിയും തമ്മിലുണ്ടാക്കിയ രഹസ്യ പാക്കേജാണ്​. ഫാഷിസത്തേയും വർഗീയതയെയും നേരിടുന്നതില്‍ പിണറായി വിജയന്​ ഇരട്ട ചങ്കല്ല ഇരട്ടമുഖമാണുള്ളതെന്നും അ​​ദ്ദേഹം കൊച്ചിയിൽ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പിണറായി വിജയനും തമ്മില്‍ രഹസ്യ ഉടമ്പടിയുണ്ട്. ഈ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ അവിടെപ്പോയത്. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ നടപടി അപകടകരവും ആശ്ചര്യപ്പെടുത്തുന്നതുമാണ്.

കേരള മോഡല്‍ ലോകമെമ്പാടും പ്രശംസിക്കപ്പെടുമ്പോഴാണ് ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരള സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ അങ്ങോട്ടേയ്ക്ക് അയച്ചത്. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരള മോഡല്‍ മികച്ചതാണ്. കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ട വിവിധ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചതും ഇതേ പാക്കേജിന്റെ അടിസ്ഥാനത്തിലാണെന്ന്​ അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മോഡലിനെ കുറിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിന് ഒന്നുമറിയില്ല. എന്നാല്‍, ഗുജറാത്തില്‍ ജനിച്ചു വളര്‍ന്ന ഒരു വ്യക്തി എന്ന നിലയില്‍ ഗുജറാത്ത് മോഡല്‍ വികസനം പൊള്ളയായ ഒന്നാണെന്ന് എനിക്കറിയാം. ദയനീയമാണ് അവിടുത്തെ അവസ്ഥ. അമ്പത് ശതമാനത്തിന് മുകളില്‍ സ്ത്രീകള്‍ക്ക് വിളര്‍ച്ചയും 40 ശതമാനത്തിന് മുകളില്‍ കുട്ടികള്‍ക്ക് പോഷകാഹാര കുറവുണ്ട്. യാത്ഥാര്‍ഥ്യവുമായി ഒത്തുപോകുന്നതല്ല ഗുജറാത്ത് മോഡല്‍. കെട്ടിച്ചമച്ച പുകമറ മാത്രമാണത്. ഗുജറാത്തിലെ ജനങ്ങള്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് ഫാഷിസത്തിന്റെ ഇരകളാണ്. ദലിതരും മുസ്​ലിംകളും ന്യൂനപക്ഷ വിഭാഗങ്ങളും നിരന്തരം പീഡിപ്പിക്കപ്പെടുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളാണ് ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും മിനിമം വേതനം ഉറപ്പാക്കുന്നില്ല. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലും പരാജയമായിരുന്നു.

ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അജണ്ട നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിയുമായി കൈകോര്‍ക്കുകയാണ്​. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യത്തിന് മാത്രമേ ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ കഴിയൂവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും സി.പി.എം പശ്ചിമ ബംഗാള്‍ ഘടകവും തുറന്നു പറയുമ്പോഴാണ്​ പിണറായിയുടെ രഹസ്യബന്ധം. കേരളത്തിൽ ബി.ജെ.പിക്ക് വളരാനുള്ള വഴിയൊരുക്കുകയാണ് സി.പി.എം ചെയ്യുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമത്തില്‍ അങ്ങേയറ്റം ആശങ്കാകുലനാണ്. സംഘപരിവാര്‍ അജണ്ടയാണ് ഇവിടെ നടക്കുന്നതെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

Show Full Article
TAGS:Jignesh Mevani Pinarayi Vijayan Narendra Modi 
News Summary - Jignesh Mevani says there is a secret package between Pinarayi and Modi
Next Story