സമസ്ത പ്രസിഡന്‍റായത് മുതൽ ആക്രമിക്കപ്പെടുന്നുവെന്ന് ജിഫ്രി തങ്ങൾ; ‘സുന്നി ആദർശത്തിന് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല, അതിക്രമത്തിന് ഇരയാകുന്നവന്‍റെ പ്രാർഥന ദൈവം കേൾക്കും’
text_fieldsകോഴിക്കോട്: സമസ്‍ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രസിഡന്‍റായി ചുമതലയേറ്റത് മുതൽ ആക്രമിക്കപ്പെടുന്നുവെന്ന് അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുന്നി ആദർശത്തിന് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അസഭ്യം പറച്ചിൽ അടക്കം നടക്കുന്നു. അതിക്രമത്തിന് ഇരയാകുന്നവന്‍റെ പ്രാർഥന ദൈവം കേൾക്കുമെന്നും അത് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുകയാണെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
ഓരോ വേദിയും പരിഗണിച്ചു കൊണ്ടാണ് താൻ സംസാരിക്കാറുള്ളത്. ആദർശപരമായി വിയോജിപ്പുള്ളപ്പോഴും എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് തന്‍റെ നിലപാടെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശതാബ്ദി സന്ദേശയാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
സമസ്തയുടെ ഒരു നൂറ്റാണ്ട് ചരിത്രം അടയാളപ്പെടുത്തി മൂന്ന് സംസ്ഥാനങ്ങളിലൂടെ സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിച്ച ശതാബ്ദി സന്ദേശയാത്രക്ക് ഞായറാഴ്ച കാസർകോട്ട് തളങ്കരയിൽ വൻ സ്വീകരണം നൽകി. ഡിസംബർ 18ന് സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരില്‍ നിന്ന് സമസ്തയുടെ പതാക ജാഥനായകന്‍ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഏറ്റുവാങ്ങി.
19ന് തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നാണ് സന്ദേശയാത്ര ആരംഭിച്ചത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, പാലക്കാട്, തമിഴ്‌നാട്ടിലെ നീലഗിരി, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ഞായറാഴ്ച കാസർകോട് തളങ്കരയിൽ സ്വീകരണം നൽകുകയായിരുന്നു.
കാസര്‍കോട് കുണിയയില്‍ 2026 ഫെബ്രുവരി നാലുമുതല്‍ എട്ടുവരെ നടക്കുന്ന സമസ്ത നൂറാം വാര്‍ഷികത്തിന്റെ പ്രചാരണ സന്ദേശവുമായാണ് 10 ദിവസത്തെ സന്ദേശയാത്ര സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിലെയും തമഴ്‌നാട്ടിലെയും വിവിധ മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, എം.പിമാര്‍, എല്‍.എല്‍.എമാര്‍, വിവിധ മതസ്ഥരടക്കം സന്ദേശയാത്രയുടെ പൊതുവേദികളിലെത്തിയിരുന്നു.
ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും കൂടി ചേർത്ത് സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതാണ് സമസ്ത രാജ്യത്തിന് നല്‍കിയ വലിയ സംഭാവനയെന്ന് കാസർകോട്ടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലയിലെ എം.എൽ.എമാർ, എം.പി, മത-സാമൂഹികരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

