സ്കൂൾ സമയ മാറ്റത്തിൽ സമസ്ത കണ്ണുരുട്ടി, ആഞ്ഞടിച്ച് ജിഫ്രി തങ്ങൾ; മന്ത്രി ശിവൻകുട്ടി അയഞ്ഞു
text_fieldsകോഴിക്കോട്: മദ്റസ പഠനത്തെ ബാധിക്കുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്തിരിയില്ലെന്ന മന്ത്രി ശിവൻകുട്ടിയുടെ ഉറച്ച നിലപാടിനെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ ശക്തമായി പ്രതിഷേധിച്ചതോടെ മന്ത്രി അയഞ്ഞു. മന്ത്രിയുടെ നിലപാട് മാന്യമാകണമെന്ന് ശനിയാഴ്ച രാവിലെ ജിഫ്രി തങ്ങൾ പ്രതികരിച്ചിരുന്നു.
നേരത്തേ, വിഷയത്തിൽ ചർച്ച തന്നെ ഇല്ലെന്ന നിലപാട് സ്വീകരിച്ച മന്ത്രി പിന്നീട് സമസ്തയുമായി ചർച്ചക്ക് സന്നദ്ധമാണെന്ന് അറിയിച്ചു. സമസ്ത സമയം അറിയിച്ചാൽ ചർച്ചയാകാമെന്നും മന്ത്രി പ്രതികരിച്ചു. മദ്റസയെ ബാധിക്കാത്തവിധം സ്കൂളിന് വേറെ സമയം കണ്ടെത്തണമെന്ന് ജിഫ്രി തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘‘കുട്ടികൾ ഉറങ്ങുന്ന സമയത്ത് മദ്റസ നടത്താനാകില്ല. വിഷയത്തിൽ ആരും സമരം ചെയ്തിട്ട് കാര്യമില്ലെന്ന മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. മന്ത്രിയുടെ ശൈലി ശരിയല്ല. സമുദായങ്ങളുടെ കാര്യങ്ങൾ നോക്കാനാണ് സർക്കാറും മന്ത്രിസഭയും. മുഖ്യമന്ത്രിക്കാണ് ഇതുസംബന്ധിച്ച് നിവേദനം കൊടുത്തത്. വിഷയത്തിൽ അദ്ദേഹം നിലപാട് പറയട്ടെ. സർക്കാർ അവഗണിക്കുകയാണെന്ന് തോന്നിയിട്ടില്ല’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണയും സെപ്റ്റംബർ 30ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്തുമെന്നുമായിരുന്നു പ്രഖ്യാപനം.
അടിയന്തര വിഷയത്തിൽ സമയം നീട്ടി നിശ്ചയിച്ചത് സർക്കാർ ചർച്ചക്ക് സന്നദ്ധമായേക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ചർച്ചക്കില്ലെന്ന മന്ത്രിയുടെ നിലപാടാണ് സമസ്തയെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

