You are here

തലതെറിച്ച ഒാട്ടവുമായി ജോണീസ്; ശേഷം സ്റ്റേഷനിൽ 

10:12 AM
20/09/2019

കേരള പൊലീസ് പങ്കുവെച്ച തൃശൂര്‍-പാലക്കാട് റൂട്ടിലോടുന്ന ‘ജോണീസ്’ ബസിന്‍റെ ഒാട്ടമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ ചർച്ചാ വിഷയം. കുതിരാനിലെ ട്രാഫിക് തടസം മറികടക്കാൻ മറുവഴിയിലൂടെ പോയി മെയിന്‍ റോഡിലേക്കു കയറിയ ബസ് പിന്നീട് സ്റ്റേഷനിൽ കിടക്കുന്നതായുള്ള വിഡിയോയാണ് ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൊലീസ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബസിനെ ഹീറോ പരിവേഷം നൽകി അവതരിപ്പിച്ചവർക്കെതിരായിരുന്നു പൊലീസിന്‍റെ വിഡിയോ. 

ബസിന്‍റെ അപകടകരമായ യാത്രയെ തടയിട്ട പൊലീസ് നടപടിയെ അഭിനന്ദിക്കുമ്പോഴും ഒരുകൂട്ടർ വിമർശനവുമായി രംഗത്തെത്തി. ബസ് അപകടകരമായ രീതിയിൽ ഒാടിച്ചതിനല്ല പൊലീസ് പിടിച്ചതെന്ന് പറഞ്ഞായിരുന്നു വിമർശനം. ഇതേതുടർന്ന് പൊലീസ് തന്നെ മറുപടിയുമായി രംഗത്തെത്തി. 

അപകടകരമായ രീതിയിൽ ഓടിച്ചു വന്ന ബസ് ആ യാത്രയിൽ മറ്റൊരു കാറിൽ ഇടിച്ചിരുന്നു. അതിന് കേസ് എടുത്തിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവൻ വെച്ചുള്ള ഇത്തരം അപകടകരമായ അഭ്യാസങ്ങൾ ഒഴിവാക്കണമെന്ന സന്ദേശം നൽകുക എന്ന സദുദ്ദേശം മാത്രമാണ് ഈ പോസ്റ്റിനു പിന്നിലെന്നും കേരള പൊലീസ് ഫേസ്ബുക്ക് ടീം അറിയിച്ചു. ഇതോടെ പോസ്റ്റിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. വിഡിയോ പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. 

‘Extreme roads live’ എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിനായി ഫ്രീലാന്‍സ് ജേണലിസ്റ്റും തൃശൂര്‍ സ്വദേശിയുമായ എ.എന്‍. സഞ്ചാരി (അജില്‍) ആണ് ബസിന്‍റെ വിഡിയോ ആദ്യം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.  റോഡിന്‍റെ ശോചനീയാവസ്ഥയെ തുറന്നുകാണിക്കാനായിരുന്നു അജിലിന്‍റെ ശ്രമം. എന്നാൽ അത് പിന്നീട് ട്രോൾ ചർച്ചയായി മാറി. 

തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെയും അവസ്ഥ മോശമാണെന്നും അത് കാണിക്കാനാണ് വിഡിയോ പകർത്തിയതെന്നും അജിൽ വ്യക്തമാക്കി. ഓണത്തോട് അടുത്തുള്ള സമയത്താണ് കുതിരാനിൽ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീട്ടിലേക്കുള്ള വഴിയായതിനാല്‍ എന്നും കാണുന്നതും അനുഭവിക്കുന്നതും ആണ് ഈ കുരുക്ക്. ഈ കുരുക്ക് വാർത്തയും വിവാദവുമായ പശ്ചാത്തലത്തില്‍ കുതിരാനിലെ യാഥാര്‍ഥ്യം അധികാരികളുടെ കണ്ണുതുറപ്പിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് അന്ന് വിഡിയോ എടുത്തത്. നീണ്ട വരിയും വലിയ കുഴികളും, യാത്രികരുടെയും ബസിന്റെയും സമയനഷ്ടവും ഒഴിവാക്കാന്‍ ആ ഡ്രൈവര്‍ക്ക് അതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇന്നും ഇന്നലെയും തുടങ്ങിയ ഗതികേടല്ല ഇത്. അധികാരികളുടെ അനാസ്ഥക്ക് യാത്രക്കാര്‍ മറുവഴി തേടുന്നത് ഈ പ്രദേശത്തെ പതിവു കാഴ്ചയാണ്. (അതല്ലാതെ വേറെ മാർഗം ഇല്ല) അധികാരികള്‍ക്ക് സുഖയാത്ര, നികുതിയടക്കുന്ന ജനത്തിനു ദുരിതയാത്ര...ന്യായീകരിക്കാവുന്ന ഒന്നല്ലല്ലോ. എല്ലാവരും കാണട്ടെ, അറിയട്ടെ -അജിൽ പറഞ്ഞു. 


 

Loading...
COMMENTS