ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: മുൻ എം.എൽ.എ എം.സി. കമറുദ്ദീന് ഇ.ഡി കേസിൽ ജാമ്യം
text_fieldsഎം.സി. കമറുദ്ദീൻ
കൊച്ചി: ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ അഞ്ചും ആറും പ്രതികളായ മുൻ എം.എൽ.എ എം.സി. കമറുദ്ദീൻ, ടി.പി. പൂക്കോയ തങ്ങൾ എന്നിവർക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കാസർകോട് ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസിൽ 2025 ഏപ്രിൽ ഏഴിന് ഇ.ഡി അറസ്റ്റ് ചെയ്ത ഇരുവരും 155 ദിവസത്തോളമായി കസ്റ്റഡിയിലാണെന്നടക്കം വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.
നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് 110 ദിവസത്തോളവും കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. സ്വർണ വ്യാപാരത്തിനായി 2006 മുതൽ 2008 വരെയായി നാല് കമ്പനികൾ രജിസ്റ്റർ ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സമാഹരിച്ച തുകയിൽ 20 കോടിയോളം രൂപ വകമാറ്റിയെന്നും ഇ.ഡി ആരോപിച്ചു.
വഞ്ചിക്കുകയെന്ന ഉദ്ദേശ്യം പ്രതികൾക്കുണ്ടായിരുന്നില്ലെന്നും അതിനാൽ ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി. അതിനാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റവും നിലനിൽക്കില്ല. നിക്ഷേപത്തുക തിരികെ നൽകാനാവാത്തത് ചതിയായി കാണാനാകില്ല.
അനധികൃതനിക്ഷേപം സ്വീകരിച്ചതിന് ബഡ്സ് ആക്ട് പ്രകാരം നടപടിയെടുക്കാമെങ്കിലും ഷെഡ്യൂൾഡ് കുറ്റകൃത്യമല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ (പി.എം.എൽ.എ) ആക്ട് പ്രകാരം പ്രഥമദൃഷ്ട്യ കേസെടുക്കാനാകില്ല. വിചാരണ അടുത്തൊന്നും ആരംഭിക്കാനിടയില്ലെന്നതും കോടതി കണക്കിലെടുത്തു. തുടർന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

