
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി. ഖമറുദ്ദീൻ ജാമ്യഹരജി നൽകി
text_fieldsകൊച്ചി: കാസർകോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം.സി. ഖമറുദ്ദീൻ എം.എൽ.എ ഹൈകോടതിയിൽ ജാമ്യഹരജി നൽകി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. നവംബർ 11ന് അറസ്റ്റിലായ തെൻറ ചോദ്യം ചെയ്യൽ പൂർത്തിയായി. പ്രമേഹവും രക്തസമ്മർദ്ദവുമുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നൽകിയില്ലെന്ന പേരിൽ ക്രിമിനൽ കേസ് എടുക്കാനാവില്ലെന്നും ഹരജിയിൽ പറയുന്നു.
ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചെങ്കിലും 2019 ഒക്ടോബർ മുതൽ വിഹിതം നൽകുന്നില്ലെന്ന കേസിലാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച മുറിയിലേക്ക് മാറ്റി.
