ജീവൻ രക്ഷിച്ചു, മറ്റൊരു ജീവനെ...
text_fieldsകൊച്ചി: താഴെ കായലിൽ കൈകാലുകളിട്ടടിക്കുന്ന പെൺകുട്ടിയെ തെരുവുവിളക്കിെൻറ വെളിച്ചത്തിൽ കണ്ടപ്പോൾ ജീവൻ ആൻറണി ഒന്നേ ഒാർത്തുള്ളൂ, ജീവൻ, അതല്ലേ എല്ലാറ്റിലും വിലപ്പെട്ടത്. പിന്നീട് ഒന്നും നോക്കിയില്ല. സ്വന്തം ജീവൻ പണയം വെച്ച് സാഹസികമായി ആ പെൺകുട്ടിയെ രക്ഷപ്പെടുത്തി. നാട്ടുകാരുടെയും പൊലീസിെൻറയും അഭിനന്ദനപ്രവാഹങ്ങൾക്ക് നടുവിലാണ് ഇപ്പോൾ ജീവൻ.
തിങ്കളാഴ്ച രാത്രി 12.30ഒാടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി ബോയിയായ കുമ്പളങ്ങി വേലശ്ശേരി വീട്ടിൽ ആൻറണിയുടെ മകൻ ജീവൻ (19) പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തോപ്പുംപടി പാലത്തിൽ എത്തിയപ്പോൾ ഒരാൾക്കൂട്ടം. കാര്യം തിരക്കിയപ്പോൾ ഒരു പെൺകുട്ടി കായലിൽ ചാടിയതായി പറഞ്ഞു. സൂക്ഷിച്ച് നോക്കിയപ്പോൾ വെള്ളത്തിൽ കിടന്ന് ഒരാൾ വെപ്രാളപ്പെടുന്നത് കണ്ടു. ഒാടിക്കൂടിയവർ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. കപ്പൽ ചാലുള്ള ഇൗ ഭാഗത്ത് ആഴം ഏറെയാണ്. ജീവൻ ഒാടി പാലത്തിനടിയിലെത്തി. വസ്ത്രങ്ങളഴിച്ച് സുഹൃത്തിനെ ഏൽപിച്ച ശേഷം 150 മീറ്ററോളം നീന്തി പെൺകുട്ടിയുടെ അടുത്തെത്തി. മരിക്കാൻ ഉറപ്പിച്ച് ഇറങ്ങിയ തന്നെ രക്ഷപ്പെടുത്തേണ്ടെന്ന പെൺകുട്ടിയുടെ വാക്കുകളൊന്നും ജീവൻ കേട്ടില്ല. ബലമായി പിടികൂടി തിരിച്ച് നീന്തി. കരയിലെത്തുേമ്പാഴേക്കും ജീവൻ തീർത്തും അവശനായിരുന്നു.
ഇതിനിടെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. പൊലീസ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. അവൾ വന്ന സൈക്കിളുമായി ജീവനും സുഹൃത്തും പിന്നാലെ ആശുപത്രിയിൽ എത്തി. സ്വന്തം ജീവൻ പോലും അവഗണിച്ച് പെൺകുട്ടിയെ രക്ഷപ്പെടുത്തിയ യുവാവിെൻറ ധീരതയെ പൊലീസും നാട്ടുകാരും അഭിനന്ദിച്ചു. ഹാർബർ, െഎലൻഡ്, തോപ്പുംപടി പൊലീസ് സ്റ്റേഷനുകളിൽ ജീവനെ ആദരിക്കാൻ പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
