തിരുവനന്തപുരം: െഎ.െഎ.ടി, എൻ.െഎ.ടി ഉൾപ്പെടെ സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനുള്ള ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) ആരംഭിച്ചു. കേന്ദ്രം ലഭ്യമാക്കിയ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചാണ് രാവിലെ 6.30ന് തന്നെ വിദ്യാർഥികൾ പരീക്ഷക്കെത്തിയത്.
രാജ്യത്തെ 605 കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന പരീക്ഷ 8,58,273 വിദ്യാർഥികളാണ് എഴുതുന്നത്. സംസ്ഥാനത്ത് 13 സിറ്റി കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ബി.ഇ/ബി.ടെക് കോഴ്സുകൾക്ക് പുറമെ ബി.ആർക്ക്, ബി.പ്ലാനിങ് കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയും ഇതോടൊപ്പം നടക്കും. അഡ്മിറ്റ് കാർഡുകൾ jeemain.nta.nic.in എന്ന വെബ്സൈറ്റിലൂടെ ലഭ്യമാക്കിയിരുന്നു.
അഡ്മിറ്റ് കാർഡിനൊപ്പം പരീക്ഷാർഥികൾക്കുള്ള കോവിഡ് സംബന്ധിച്ച നിർദേശങ്ങളും ഉള്ളടക്കം ചെയ്തിട്ടുണ്ട്. ജെ.ഇ.ഇ അഡ്വാൻസ്സ് പരീക്ഷ സെപ്റ്റംബർ 27നാണ്. കോവിഡ് വ്യാപന സാഹചര്യത്തിൽ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.