വർഗീയ ശക്തികളെ പിന്തുണക്കാത്തതിൽ കേരളത്തോട് അസൂയ; ലീഗ് കൂടെയുള്ളപ്പോൾ കോൺഗ്രസിന് ഭയക്കാനില്ല -രേവന്ത് റെഡ്ഡി
text_fieldsകോഴിക്കോട്: വർഗീയ ശക്തികളെ പിന്തുണക്കാത്തതിൽ കേരളത്തോട് അസൂയ ഉണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത സ്‌നേഹ സദസ്സിന്റെ വാർഷികത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഇൻഡ്യ മുന്നണിക്ക് റോൾ മോഡൽ ആണ്. മുസ് ലിം ലീഗിനെ പോലെയുള്ള പ്രസ്ഥാനങ്ങൾ കൂടെയുള്ളപ്പോൾ കോൺഗ്രസിന് ഭയക്കാനില്ലെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.
നരേന്ദ്ര മോദി പറയുന്ന ഗാരന്റിയുടെ വാറന്റി കഴിഞ്ഞതായി രേവന്ത് റെഡ്ഡി പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്ന പ്രഭാഷണങ്ങളുമായാണ് മോദി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശത്തിന്റെ താൽപര്യം സംരക്ഷിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നത്. മോദിയുടെ പ്രവൃത്തികൾ രാജ്യത്തിന് ഗുണകരമല്ല. പ്രധാനമന്ത്രിയായിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.
ദലിത്, ന്യൂനപക്ഷ സംവരണം എടുത്തുകളയാൻ വേണ്ടിയാണ് ഇത്തവണ 400 സീറ്റ് വേണമെന്ന് ബി.ജെ.പി മോഹിക്കുന്നത്. കേരളത്തിലെ യു.ഡി.എഫ് ഇൻഡ്യ സഖ്യത്തിന് മാതൃകയാണ്. ദക്ഷിണേന്ത്യയിൽ നിന്നുമാത്രം ഇൻഡ്യ സഖ്യം നൂറിലധികം സീറ്റ് നേടും. സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് രാജ്യത്തിനുള്ള സന്ദേശമാണ്. ഈ സന്ദേശം രാജ്യത്തുടനീളം പരക്കണം.
ഒരു വർഗീയ ശക്തികളെയും കേരളം ഈ മണ്ണിലേക്ക് പ്രവേശിക്കാൻ സമ്മതിച്ചിട്ടില്ല. ഇക്കാര്യത്തിൽ അഭിമാനിക്കുകയും അതോടൊപ്പം അസൂയപ്പെടുകയും ചെയ്യുന്നുണ്ട്. സമൂഹത്തെ ഒന്നിച്ച് മുന്നോട്ടുപോകാൻ കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ജിഫ്രി മുത്തുക്കോയ തങ്ങൾ, സ്വാമി ശ്രീഹരി പ്രസാദ്, ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രോപ്പൊലീത്ത, ഗുരുരത്‌നം ജ്ഞാനതപസ്വി, ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, എം.കെ. രാഘവൻ എം.പി, വിശാലാനന്ദ സ്വാമി, ഫാ. ബോബി പീറ്റർ, ബോധേന്ദ്ര തീർഥ സ്വാമികൾ, അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട്, പി. മുജീബ് റഹ്‌മാൻ, ശിഹാബ് പൂക്കോട്ടൂർ, ഒ. അബ്ദുറഹ്‌മാൻ, ടി.പി. അബ്ദുല്ലക്കോയ മദനി, സി.പി. ഉമർ സുല്ലമി, കടക്കൽ അബ്ദുൽ അസീസ് മൗലവി, മല്ലിയൂർ പരമേശ്വരൻ നമ്പൂതിരി, സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാട്, പി.എൻ. അബ്ദുൽ ലത്തീഫ് മൗലവി, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. ബഹാഉദ്ദീൻ നദ്‌വി കൂരിയാട്, ഡോ. ഫസൽ ഗഫൂർ, ഡോ. പി. ഉണ്ണീൻ, രാമൻ കരിമ്പുഴ, പ്രകാശാനന്ദ സ്വാമികൾ, കെ.പി. രാമനുണ്ണി, പി. സുരേന്ദ്രൻ, പെരുവനം കുട്ടൻ മാരാർ, ചെറുവയൽ രാമൻ, രാമൻ രാജമന്നാൻ, മഹേഷ് വെങ്കിട്ടരാമൻ, എ. നജീബ് മൗലവി, എസ്.എൻ. സ്വാമി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, അബ്ദുൽ റഷീദ് മൗലവി അൽഖാസിമി, ഡോ. ഹുസൈൻ മടവൂർ, ടി.കെ. അശ്‌റഫ്, തൗഫീഖ് മൗലവി, വിദ്യാധരൻ മാസ്റ്റർ, ആലപ്പി അഷ്‌റഫ്, അഡ്വ. ഹരീഷ് വാസുദേവൻ, ഡോ. ദിലീപ് കുമാർ, സാജിദ് യഹിയ, പി.കെ പാറക്കടവ്, കാനേഷ് പൂനൂര്, എൻ.പി. ഹാഫിസ് മുഹമ്മദ്, ശിവനാരായണ തീർഥ സ്വാമികൾ, എസ്. സുവർണ കുമാർ, ടി.എം. സക്കീർ ഹുസൈൻ, ഡോ. അനിൽ മുഹമ്മദ്, അഡ്വ. കെ. പ്രവീൺ കുമാർ, അഡ്വ. കെ. ജയന്ത് തുടങ്ങിയവർ പങ്കെടുത്തു. മുസ്‍ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

