പ്രസംഗം തടസപ്പെടുത്തിയ ബ്രിട്ടാസിനെതിരെ രാജ്യസഭയിൽ ജെബി മേത്തറിന്റെ ‘മുന്ന’ പ്രയോഗം
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ ശൂന്യവേളയിൽ സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിനെതിനെ ‘മുന്ന’ പ്രയോഗവുമായി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി ജെബി മേത്തർ. കേരളത്തിലെ വ്യാജമരുന്നുകളുടെ വിഷയം ശൂന്യവേളയിൽ ഉന്നയിക്കുമ്പോൾ ജോൺ ബ്രിട്ടാസ് ബഹളം വെച്ച് അത് തടസപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു ജെബി മേത്തറിന്റെ മുന്ന പ്രയോഗം.
കേരളം വ്യാജമരുന്നുകളുടെ ആസ്ഥാനമായെന്ന് ആരോപിച്ച ജെബി മേത്തർ അടുത്തിടെ നടന്ന റെയ്ഡുകളിൽ ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്ന ഗുണനിലവാരം ഇല്ലാത്ത മരുന്നുകളാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഉള്ള ഫാർമസികളിൽ നിന്നും പിടിച്ചെടുത്തതെന്ന് വ്യക്തമാക്കി. അവശ്യം നടത്തേണ്ട ഗുണനിലവാരപരിശോധനകൾ പോലും മറികടന്നാണ് കേരളത്തിന് പുറത്തുനിന്നും വ്യാജമരുന്നുകൾ ഒഴുകിയെത്തുന്നത്. കേരളത്തിന്റെ ആരോഗ്യമേഖല പൂർണമായി തകർന്നിരിക്കുകയാണെന്നും അവശ്യ ഉപകരണങ്ങളുടെ അഭാവത്തിൽ അടിയന്തരശസ്ത്രക്രിയകൾ പോലും അനിശ്ചിതമായി മാറ്റിവെക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവർ തുടർന്നു.
ജെബി മേത്തർ വിഷയത്തിലേക്ക് കടന്നപ്പോൾ തന്നെ ബ്രിട്ടാസും കുടെ എ.എ റഹീമും പ്രസംഗം തടസപ്പെടുത്തി തുടങ്ങിയിരുന്നു. ഇരുവരുടെയും ബഹളത്തിനിടയിൽ വിഷയം അവതരിപ്പിച്ച ജെബി തുടർന്ന് ഇംഗ്ലീഷിലെ സംസാരം മലയാളത്തിലേക്ക് മാറ്റി ജനങ്ങളെ മറന്ന് ബ്രിഡ്ജ് പണിയുന്ന മുന്നമാരുടെ അന്തസില്ലാത്ത അന്തർധാര അവസാനിപ്പിക്കുന്നതിന് കേരളം വിധിയെഴുതുകയാണെന്ന് പറഞ്ഞു. കേരളം ഇന്ന് തെരഞ്ഞെടുപ്പിലേക്ക് പോകുകയാണെന്നും മാറ്റത്തിനെറ പുതിയ ജാതകം കുറിക്കുകയാണെന്നും അവർ പറഞ്ഞു.
ജെബിയുടെ ആക്ഷേപത്തിന് പിന്നാലെ ചട്ടം 258 പ്രകാരം ഒരു അംഗത്തിനും സഭയെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് ക്രമപ്രശ്നം ഉന്നയിക്കാൻ ജോൺ ബ്രിട്ടാസ് എഴുന്നേറ്റുവെങ്കിലും രാജ്യസഭാ ചെയർമാൻ സി.പി രാധാകൃഷ്ണൻ അംഗീകരിച്ചില്ല. കേരളത്തിൽ വ്യാജമരുന്നുകളുടെ ഉൽപാദനമില്ലെന്നും മറ്റെവിടെയെക്കെയോ ഉണ്ടാക്കുന്ന മരുന്നുകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതാണെന്നും അവ പിടികൂടുന്നുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

