ജെ.ബി കോശി കമീഷൻ റിപ്പോർട്ടിന് തത്വത്തിൽ അംഗീകാരം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ജെ.ബി കോശി കമീഷൻ റിപ്പോർട്ട് മന്ത്രിസഭ യോഗം തത്വത്തിൽ അംഗീകരിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി മന്ത്രിസഭ യോഗം തീരുമാനമെടുത്തു. റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെയും ശിപാർശകൾ നടപ്പാക്കാത്തതിനെതിരെയും ക്രിസ്ത്യൻ സംഘടനകൾ രംഗത്തുവന്നതിന് പിന്നാലെയാണ് തീരുമാനം.
1947ന് മുമ്പ് ലത്തീൻ കത്തോലിക്ക വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫിസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജാതി/സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന് തീരുമാനിച്ചു. 1947 എന്ന വർഷം ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
ശിപാർശ പ്രകാരമുള്ള മറ്റ് പ്രധാന തീരു മാനങ്ങൾ:
- ക്ഷേമ പെൻഷൻ 1,600 രൂപയിൽനിന്ന് 2000 രൂപ ആക്കി വർധിപ്പിച്ച സാഹചര്യത്തിൽ ഗവൺമെന്റ് ഗ്രാന്റായി ഓർഫനേജുകൾക്കും അന്തേവാസികൾക്കും നൽകി വരുന്ന തുക ആനുപാതികമായി വർധിപ്പിച്ച് 1100 രൂപയിൽ നിന്ന് 1375 രൂപയിലേക്ക് ഉയർത്തി.
- ഒ.ഇ.സി ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ലെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കും.
- ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരുനൽകാൻ പാടില്ല.
- കേരള പബ്ലിക് സർവീസ് കമീഷൻ, യൂനിയൻ പബ്ലിക് സർവീസ് കമീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിങ് സർവീസ് കമീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വിവിധ കോഴ്സുകൾക്കുമുള്ള ട്രെയിനിങ് സെന്ററുകളുടെ ഉപകേന്ദ്രങ്ങൾ കണ്ണൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ കുടിയേറ്റ മലയോര പ്രദേശങ്ങളിലും എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന തീരപ്രദേശങ്ങളിലും സ്ഥാപിക്കും.
- പരിവർത്തിത ക്രൈസ്തവ കോർപറേഷന് കണ്ണൂർ ജില്ലയിൽ ഓഫിസ് ആരംഭിക്കും. കമ്യൂണിറ്റി ക്വാട്ടയിലെ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ചു നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

