
നടൻ ജയറാം സമ്മാനിച്ച ചെണ്ട സംവിധായകൻ വിജീഷ് മണി അഭിഷേക് എന്ന കിച്ചുവിന് കൈമാറുന്നു
കിച്ചുവിന് സമ്മാനപ്പെരുമഴ; കൊട്ടിത്തിമിർക്കാൻ ജയറാമിെൻറ വക ചെണ്ടയുമെത്തി
text_fieldsതിരൂർ: മാർബിൾ കഷണത്തിൽ പേന കൊണ്ട് മണിച്ചിത്രത്താഴിലെ പാട്ടിന് താളമിട്ട ആറ് വയസ്സുകാരൻ അഭിഷേക് എന്ന കിച്ചുവിെൻറ വിഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ കണ്ട് കഴിഞ്ഞയാഴ്ച നടൻ ഉണ്ണി മുകുന്ദെൻറ സമ്മാനമായി ഒരു ഡ്രംസെറ്റ് കിച്ചുവിനെ തേടിയെത്തിയിരുന്നു. ഇതിന് പിന്നാലെ നടൻ ജയറാമിെൻറ സമ്മാനമായി ചെണ്ടയും എത്തി.
ജയറാം നൽകിയ ചെണ്ടയുമായി ബി.പി. അങ്ങാടി പാറശ്ശേരിയിലെ വീട് തേടിയെത്തിയത് സംവിധായകൻ വിജീഷ് മണിയാണ്. റിലീസ് ചെയ്യാനിരിക്കുന്ന ജയറാമിെൻറ സംസ്കൃത സിനിമ 'നമോ'യുടെ സംവിധായകനാണ് വിജീഷ്. സുഹൃത്തുക്കളായ ബാബു ഗുരുവായൂരും മുനീർ കൈനിക്കരയും കൂടെയുണ്ടായിരുന്നു.
ബി.പി അങ്ങാടി പാറശ്ശേരിയിലെ കൺസ്ട്രക്ഷൻ ജോലിക്കാരനായ കറുത്തോട്ടിൽ സുമേഷ് - ശ്രീവിദ്യ ദമ്പതികളുടെ മൂത്ത മകനാണ് ഈ കൊച്ചുമിടുക്കൻ. അയൽവാസികളായ ബാൻഡ് വാദ്യകലാകാരന്മാരായ സഹോദരങ്ങൾ സുജനും സുഭാഷും കൊട്ടി പരിശീലിക്കുന്നത് കേട്ട് സ്വയംപരീക്ഷണം നടത്തുകയായിരുന്നു കിച്ചു. ജയറാമിെൻറ ചെണ്ട കൂടി എത്തിയതോടെ വീട്ടിനുള്ളിൽ താളപ്പെരുമഴ തീർക്കുകയാണീ കൊച്ചുമിടുക്കൻ.