ഒരേ ദിവസം സംഭവിച്ച രണ്ട് ഉമ്മകൾ...! ‘ലോകത്ത് ഉയിർത്തെഴുന്നേൽപ്പിന് കാഹളം മുഴങ്ങും നേരം കേരളം നാണിപ്പിക്കുന്നു...’
text_fieldsകോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് പ്രസംഗിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ബ്രസീലിയൻ പ്രസിഡന്റ് ലുല തലയിൽ ചുംബിച്ചതും, ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചതിന്‍റെ വാർഷികത്തിൽ ആദരിക്കവെ മന്ത്രി സജി ചെറിയാൻ അമൃതാനന്ദമയിയുടെ തലയിൽ ചുംബിച്ചതും താരതമ്യം ചെയ്ത് കുറിപ്പ്. ലോകത്ത് ഉയിർത്തെഴുന്നേൽപ്പിന് കാഹളം മുഴങ്ങുംനേരം കേരളം എവിടെ നിൽക്കുന്നു എന്നത് നമ്മളെ നാണിപ്പിക്കുന്നു എന്ന് രണ്ട് ചുംബനങ്ങളുടെയും ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സാമൂഹിക വിമർശകനും എഴുത്തുകാരനുമായ ജയരാജൻ സി.എൻ പറയുന്നു.
ലോകത്തിലും കേരളത്തിലും ഉമ്മകൾ ഇങ്ങിനെയൊക്കെ അരങ്ങേറുന്നുണ്ട്... കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉയർത്തിപ്പിടിക്കുന്നത് ലോക മാനവികതാണെന്നും അതിനിടയിലാണ് ഈ അശ്ലീല വീഡിയോ കണ്ടതെന്നും അദ്ദേഹം വിമർശിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ്
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ വെച്ച് ഇന്നലെ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനമാണ് കൊളംബിയൻ പ്രസിഡന്റ് നടത്തിയത്....
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രായേലിന്റെ ഗാസയിലെ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുകയും ഇസ്രായേലിനെ "നവനാസികൾ" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു...
ഇതോടൊപ്പം, ലോകത്തിന്റെ രക്ഷയ്ക്കായി ഒരു സൈന്യം രൂപീകരിക്കാൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഈ സൈന്യം അന്താരാഷ്ട്ര നീതിയുടെ ഉത്തരവുകൾ നടപ്പിലാക്കുമെന്നും വിവിധ രാജ്യങ്ങൾ ഇതിലേക്ക് സൈനികരെ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഈ സൈന്യം അമേരിക്കൻ സൈന്യത്തേക്കാൾ വലുതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുസ്താവോ പെട്രോയുടെ പ്രസംഗത്തിന് ശേഷം ലുല അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനടുത്തേക്ക് വന്ന് ആദരസൂചകമായി തലയിൽ ചുംബിക്കുന്ന മനോഹര രംഗമാണ് ആദ്യത്തെ ചിത്രത്തിൽ കാണുന്നത്.
രണ്ടാമത്തെ ചിത്രത്തിൽ കാണുന്ന അമൃതാനന്ദമയി ഐക്യരാഷ്ട്ര സഭയിൽ മലയാളത്തിൽ സംസാരിച്ചതിന്റെ 25-ആം വാർഷികത്തിൽ എത്തിയ സജി ചെറിയാൻ അമൃതാനന്ദമയിയെ ആദരിച്ചതായിരുന്നു...
അതും കഴിഞ്ഞ് അമൃതാനന്ദമയിയുടെ 72-ആം ജന്മ ദിന പരിപാടിയിലും സജി ചെറിയാൻ ഉഷാറായി പങ്കെടുത്തു... അതിന് ശേഷം ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കും വേളയിൽ ശിരസ്സിൽ ഉമ്മ വെയ്ക്കുകയും ചെയ്തു....
ലോകത്തിലും കേരളത്തിലും ഉമ്മകൾ ഇങ്ങിനെയൊക്കെ അരങ്ങേറുന്നുണ്ട്....
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉയർത്തിപ്പിടിക്കുന്നത് ലോക മാനവികതാണ്... ലോക ഭീകരൻ നെതന്യാഹുവിനെ കൂവി വിളിക്കുന്ന രാഷ്ട്രത്തലവന്മാരെ നാം കണ്ടു.... ബ്രസീലിയൻ പ്രസിഡന്റ് ലുലയുടെ ആവേശവും സന്തോഷവും ആ ഉമ്മയും ലോകത്തെമ്പാടുമുള്ള മനുഷ്യ സ്നേഹികളെ എത്ര കണ്ടു സന്തോഷിപ്പിച്ചു എന്നത് പറയാൻ വാക്കുകളില്ല....
അതിനിടയിലാണ് ഈ അശ്ലീല വീഡിയോയും കണ്ടത്... വായനക്കാർക്ക് അതിന്റെ ഫോട്ടോ ഇടേണ്ടി വന്നതിൽ സങ്കടമുണ്ട്.
ലോകത്ത് ഉയിർത്തെഴുന്നേൽപ്പിന് കാഹളം മുഴങ്ങും നേരം കേരളം എവിടെ നിൽക്കുന്നു എന്നത് നമ്മളെ നാണിപ്പിക്കുകയും ചെയ്യുന്നു...
ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് മലയാളത്തിൽ സംസാരിച്ചതിന്‍റെ രജതജൂബിലി വാർഷിക ചടങ്ങിലാണ് മന്ത്രി സജി ചെറിയാൻ അമൃതാനന്ദമയിയുടെ തലയിൽ ചുംബിച്ചത്. മാതൃഭാഷയെ മറക്കുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് അമ്മ ലോകത്തിന് നൽകിയതെന്ന് മന്ത്രി പറഞ്ഞു. മലയാള ഭാഷയുടെ മഹിമ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച അമ്മയെ സംസ്ഥാന സർക്കാർ ആദരിക്കുകയാണ്. ഇത് കേവലം ആദരമല്ല, സാംസ്കാരികമായ ഉണർവാണെന്നും മുഖ്യമന്ത്രിയുടെ ആശംസയും ആദരവും അറിയിക്കുന്നെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

