ദൈവം നൽകിയ വിധിയെന്ന് കർണാടക മന്ത്രി ജയമാല
text_fieldsബംഗളൂരു: ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധി ചരിത്രപരമാണെന്നും അതിയായ സന്തോഷമുണ്ടെന്നും കർണാടക മന്ത്രിയും മുൻ സിനിമ താരവുമായിരുന്ന ജയമാല. തെൻറ 27ാം വയസ്സിൽ ശബരിമലയിൽ കയറിയെന്ന് 2006ൽ ജയമാല നടത്തിയ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ‘ശബരിമല പ്രവേശനക്കേസിലെ വിധി ചരിത്രപരമാണ്. സ്ത്രീകളുടെ വിജയമാണ്. ഇതിനേക്കാൾ വലിയൊരു സന്തോഷം എെൻറ ജീവിതത്തിലുണ്ടായിട്ടില്ല. സ്ത്രീകൾക്കും സുപ്രീംകോടതി ജഡ്ജിമാർക്കും ദൈവത്തിനും നന്ദി’ -ജയമാല പറഞ്ഞു. സ്ത്രീക്കും പുരുഷനും ഇടയിൽ ഒരു വിവേചനവും ഭരണഘടന അനുശാസിക്കുന്നില്ല. പുരുഷന്മാർക്കും മാത്രം, സ്ത്രീകൾക്ക് മാത്രം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ ക്ഷേത്രങ്ങളിൽ പാടില്ലെന്നും ജയമാല പറഞ്ഞു.
1987 ഏപ്രിലിൽ വിഷുസമയത്ത് ആദ്യഭർത്താവും തെന്നിന്ത്യൻ നടനുമായ പ്രഭാകറുമൊത്താണ് ശബരിമലയിൽ പോയതെന്ന ജയമാലയുടെ വെളിപ്പെടുത്തലാണ് ഏറെ കോലാഹലങ്ങൾക്കിടയാക്കിയത്. ശബരിമലയിലെത്തി ശ്രീകോവിലിനുള്ളിൽ കയറി അയ്യപ്പെൻറ വിഗ്രഹം തൊട്ടുവെന്നത് പകൽപോലെ സത്യമാണെന്നായിരുന്നു ജയമാല അന്ന് വെളിപ്പെടുത്തിയത്. പ്രഭാകറിന് കാലിൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നപ്പോൾ അയ്യപ്പനോട് പ്രാർഥിച്ചാൽ മാറുമെന്ന് പലരും പറഞ്ഞിരുന്നു. പതിനെട്ടാംപടി കയറാനാകില്ലെന്നു പറഞ്ഞതിനാൽ പിന്നിലെ വഴിയിലൂടെയാണ് പോയതെന്നും തിരക്കിനിടയിൽ അയ്യപ്പവിഗ്രഹത്തിന് മുന്നിലേക്ക് വീഴുകയായിരുന്നുവെന്നുമാണ് ജയമാല വ്യക്തമാക്കിയിരുന്നത്. വെളിപ്പെടുത്തലിന് പിന്നാലെ ജയമാലക്കെതിരെ കേസെടുത്തിരുന്നു.
ശബരിമലയിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ ക്ഷേത്രത്തിൽ സ്ത്രീ സാന്നിധ്യം കണ്ടുവെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തലുണ്ടായത്. ശബരിമലയിൽ 2006ൽ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ പങ്കെടുത്ത 21 ജ്യോത്സ്യന്മാരിൽ ഒരാളായ ഉണ്ണികൃഷ്ണ പണിക്കരാണ് അയ്യപ്പവിഗ്രഹത്തിൽ സ്ത്രീ സ്പർശമുണ്ടായെന്ന് വെളിപ്പെടുത്തിയത്. സഹായിയായ എ.എൻ. രഘുപതിയുടെ സഹായത്താടെ നടി ജയമാലയെ ഫോണിൽ ബന്ധപ്പെട്ട് ഇക്കാര്യം വെളിപ്പെടുത്താൻ പ്രേരിപ്പിച്ചെന്നും ഈ നടപടി ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നുമായിരുന്നു കേസ്. അന്വേഷണത്തിനുശേഷം 2012 ജൂലൈയിലാണ് ഹൈകോടതി കേസ് റദ്ദാക്കിയത്. മൂന്നുപേർക്കുമെതിരായ മജിസ്ട്രേറ്റ് കോടതിയുടെ തുടർനടപടിയും റദ്ദാക്കിയിരുന്നു.
നിലവിൽ കർണാടക വനിത ശിശുക്ഷേമ മന്ത്രിയാണ് ജയമാല. ശബരിമലയിൽ സ്ത്രീകൾ പോകുന്നതും വിഗ്രഹത്തിൽ തൊടുന്നതും തെറ്റാണെന്നറിയില്ലെന്നും തെൻറ നാടായ ചിക്കമഗളൂരുവിലും കർണാടകയിലെ മറ്റു ഭാഗങ്ങളിലും ക്ഷേത്രങ്ങളിൽ ആർക്കും കയറി വിഗ്രഹം തൊടാനാകുെമന്നുമായിരുന്നു ജയമാല അന്ന് വിശദീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
