അവധി കഴിഞ്ഞ് മടങ്ങിയ ജവാനെ കാണാനില്ലെന്ന്
text_fieldsചെങ്ങന്നൂർ: അവധി കഴിഞ്ഞ് നാട്ടിൽനിന്നും മടങ്ങിയ സി.ആർ.പി.എഫ് ജവാനെ ജോലി സ്ഥലമായ അസമിലെ ഗുവാഹതിയിലെത്തിയ ശേഷം കാണാതായതായി പരാതി. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് അയ്യൻ കോയിക്കൽ വീട്ടിൽ സോനു കൃഷ്ണയെ (34) ആണ് കാണാതായെന്ന് അറിയിപ്പ് ലഭിച്ചത്. ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 129എഫ് ബറ്റാലിയൻ 115240109 ഫോഴ്സ് നമ്പറിൽ ജോലിചെയ്തു വരികയായിരുന്നു സോനു കൃഷ്ണ. ലീവിന് വന്ന ശേഷം ജൂലൈ ഒന്ന് ശനിയാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിൽനിന്നും പുറപ്പെട്ടു. ഞായറാഴ്ച രാവിലെ 9.13 ന് ഭാര്യ സോനുവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
അന്നേ ദിവസം പൾട്ടൺ ബസാർ റെയിൽവേ സ്റ്റേഷൻ അടുത്തുള്ള എ.ടി.എമ്മിൽ നിന്ന് 5000 രൂപ പിൻവലിച്ചിട്ടുണ്ട്. അതിനുശേഷം ഒരു വിവരവുമില്ല. രാത്രി എട്ടു വരെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു അതിനു ശേഷം സ്വിച്ച് ഓഫായി.
സോനു കൃഷ്ണയുടെ റിപ്പോർട്ടിങ് സമയം ഞായറാഴ്ച മൂന്ന് മണി വരെയായിരുന്നു. സി.ആർ.പി.എഫ് ഓഫീസിൽ 129എഫ് ബറ്റാലിയനിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബറ്റാലിയനിൽ നിന്ന് അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരെ അടക്കം വിളിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
