ജപ്പാനിലെ ഏറ്റവും വലിയ കപ്പൽ കമ്പനി കൊച്ചിൻ ഷിപ്‍യാർഡിൽ കപ്പൽ നിർമിക്കാനെത്തുന്നു; ചർച്ച നടത്തി
text_fieldsലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ ജപ്പാനിലെ ‘മിറ്റ്സുയി ഒ.എസ്.കെ ലൈൻസ്’ തങ്ങളുടെ വ്യവസായ വികസനത്തിന് വൻ സാധ്യതയുള്ള രാഷ്ട്രമായി കാണുന്നത് ഇന്ത്യയെ, പ്രത്യേകിച്ച് കൊച്ചിയെ. കപ്പൽ നിർമാണത്തിനുള്ള ഹബായാണ് കമ്പനി ഇന്ത്യയെ കാണുന്നത്. കൊച്ചിൻ ഷിപ് യാർഡുമായി അവർ പ്രാഥമിക ചർച്ചകൾ നടത്തി.
ഇപ്പോൾ കപ്പൽ നിർമാണത്തിനായി ഇവർ പ്രധാനമായി ആശ്രയിക്കുന്നത് ചൈനയെയും കൊറിയയെയുമാണ്. തങ്ങളുടെ നിർമാണം കൂടുതൽ വ്യാപിപ്പിക്കുന്നിനായാണ് ഇന്ത്യയെ പരിഗണിക്കുന്നത്.
ആദ്യപടിയായി മീഡിയം റേഞ്ച് കാരിയുകളാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. റിഫൈൻഡ് ഓയിൽ, കാർഗോ എന്നിവയ്ക്കാണ് മീഡിയം റേഞ്ച് കാരിയറുകൾ ഉപയോഗിക്കുന്നത്. 50,000 ഡെഡ് വെയിറ്റ് ടൺ വാഹക ശേഷി ഉള്ളവയാണ് മീഡിയം റേഞ്ച് കപ്പലുകൾ. ഹൃസ്വ ഭൂഖണ്ഡാന്തര യാത്രകൾക്കാണ് ഇവ ഉപയോഗിക്കുക.
നിലവിൽ കപ്പൽ നിർമാണത്തിൽ ഇന്ത്യയുടെ സംഭാവന വെറും ഒരു ശതമാനമാണ്. അതേസമയം ചൈനയാണ് ലോകത്തെ 40 ശതമാനം കപ്പലുകളും നിർമിക്കുന്നത്. കൊറിയ 30 ഉം ജപ്പാൻ 20ഉം ശതമാനം കപ്പലുകൾ നിർമിക്കുന്നു.
തങ്ങൾ കൊച്ചിൻ ഷിപ്പ് യാർഡുമായി ചർച്ചകളിലാണെന്ന് എം.ഒ.എൽ എക്സിക്യൂട്ടീവ് ഓഫിസർ കാപ്റ്റൻ ആനന്ദ് ജയരാമൻ ദ ഹിന്ദു ബിസിനസ് ലൈനിനോട് പറഞ്ഞു.
മീഡിയം റേഞ്ച് കാരിയറുകൾ ചൈനയിൽ നിർമിക്കാനുള്ള ഇപ്പോഴത്തെ ചെലവ് അഞ്ചുകോടി ഡോളറാണ്. കൊറിയയിലാണെങ്കിൽ 5.2 കോടി. 18 മാസവും വേണ്ടി വരും. അതേസമയം ഇത് ഇന്ത്യയിൽ നിർമിക്കണമെങ്കിൽ 7 കോടി ഡോളർ ചെലവും 24 മാസവും വേണ്ടി വരും. ഇത് മുതലാക്കണമെങ്കിൽ ഗവൺമെൻറിന്റെ സഹായം വേണ്ടി വരും.
ഇന്ത്യയുമായി ചേർന്നുള്ള ലോജിസ്റ്റിക്സ് ബിസിനസ് ലക്ഷ്യമിടുന്നതിനാലാണ് കമ്പനി ഇന്ത്യയുമായി ചർച്ച നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

