Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അശുതോഷും സൗരവ് ദാസും തിഹാർ ജയിലിലേക്ക്; അഞ്ചുദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ; അജിങ്ക്യ ഷിൻഡെക്ക് ജാമ്യം

text_fields
bookmark_border
ജന്തർ മന്തർ മിന്നൽ പ്രതിഷേധത്തിലാണ് അറസ്റ്റ്
അശുതോഷും സൗരവ് ദാസും തിഹാർ ജയിലിലേക്ക്; അഞ്ചുദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ; അജിങ്ക്യ ഷിൻഡെക്ക് ജാമ്യം
cancel

ന്യൂഡൽഹി: ജന്തർ മന്തറിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സി.ജെ.പി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ചു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അനുമതിയില്ലാതെ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചാണ് നേതാക്കളെ മുൻകരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്തത്.

ഇരുവരെയും തിഹാർ ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. അതിക്രമിച്ചു കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ബോണ്ട് വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അറസ്റ്റിലായ അജിങ്ക്യ ഷിൻഡെയെ വ്യക്തിഗത ജാമ്യത്തിൽ വിട്ടയച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് മൂന്നു നേതാക്കളെയും ഡൽഹിയിലെ മന്ദിർ മാർഗിലുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ എക്സിലെ കുറിപ്പിലൂടെ അറിയിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സൗരവും അശുതോഷും ബി.എൻ.എസ് 163-ാം വകുപ്പ് വീണ്ടും ലംഘിച്ചതായി ഡൽഹി പൊലീസ് കോടതയിൽ അറിയിച്ചു. ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചതായും പൊലീസ് പറയുന്നു.

ചൊവ്വാഴ്ച രാവിലെ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ജന്തർ മന്തറിലേക്ക് പ്രവേശിക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തതിനെ തുടർന്നാണ് ഷിൻഡെ, ദാസ്, റങ്ക എന്നിവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, അജിങ്ക്യ ഷിൻഡെയെ വ്യക്തിഗത ബോണ്ടിൽ വിട്ടയച്ചതായി സി.ജെ.പി നിയമകാര്യ വിഭാഗം മേധാവി രത്ന സിങ് എക്സിലെ കുറിപ്പിൽ അറിയിച്ചു. നേരത്തെ സമാനമായ സംഭവത്തിൽ 50,000 രൂപയുടെ ബോണ്ടിലും ഒരു വർഷത്തേക്ക് സമാധാനലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെടില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തതിനെത്തുടർന്നാണ് വിട്ടയച്ചതെന്ന് പൊലീസ് പറയുന്നു.

എന്നാൽ, നിയമലംഘനം ആവർത്തിച്ചെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. നേതാക്കളെ നിയമവിരുദ്ധമായാണ് തടങ്കലിൽ വെച്ചതെന്ന് സി.ജെ.പി ആരോപിച്ചു. എസ്.ഐ.ആർ പിൻവലിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പിയും പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി തേടി പൊലീസിനെ സമീപിച്ചെങ്കിലും സി.ജെ.പിയുടെ ആവശ്യം പൊലീസ് തള്ളുകയായിരുന്നു. കനത്ത സുരക്ഷ വലയത്തിലാണ് ഡൽഹി നഗരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jantar Mantar Row: CJP Leaders Saurav Das, Ashutosh Ranka Sent To 5-Day Judicial Custody
Next Story