‘ജന്തർമന്തറും’ ‘ആർട്ടിക്കിൾ 19(എ)’യും നീക്കണം; കലോത്സവ വേദികൾക്ക് നൽകിയ പേരുകൾക്ക് വിലക്ക്
text_fieldsചാത്തന്നൂർ (കൊല്ലം): രാജ്യ തലസ്ഥാനത്തെ ജന്തർമന്തറിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ കലോത്സവ വേദികളിലെ പേരുകൾക്കും വിലക്ക്.
പാരിപ്പള്ളി കൊല്ലം സർക്കാർ മെഡിക്കൽ കോളജ് കാമ്പസിൽ നടക്കുന്ന കേരള ആരോഗ്യശാസ്ത്ര സർവകലാശാല ദക്ഷിണമേഖല കലോത്സവം ‘സദ്ദ ഹഖി’ന്റെ ഒന്നാംവേദിയായ ‘ജന്തർമന്തർ’, രണ്ടാംവേദിയായ ‘ആർട്ടിക്കിൾ 19 (എ)’ എന്നിവയുടെ പേരുകൾ നീക്കണമെന്ന് സംഘാടകർക്ക് നിർദേശം ലഭിച്ചു.
ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട ജന്തർമന്തറും അഭിപ്രായസ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ഭരണഘടന അനുച്ഛേദമായ ആർട്ടിക്കിൾ 19 (എ)യും വേദികളുടെ പേരുകളായി തെരഞ്ഞെടുത്തത് നേരത്തേ ശ്രദ്ധ നേടിയിരുന്നു.
രാജ്യത്തെ വിവിധ ജനകീയ പ്രക്ഷോഭങ്ങൾക്ക് വേദിയായ ഡൽഹിയിലെ ജന്തർമന്തറിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ചൊല്ലി ചർച്ചകൾ ഉയരുന്നതിനിടെയാണ് കലോത്സവ വേദികളിലെ പേരുകൾ മാറ്റണമെന്ന നിർദേശം വന്നത്.
കലോത്സവം കലാപ്രകടനങ്ങൾക്കുള്ള വേദി മാത്രമല്ല, യുവതലമുറയുടെ സാമൂഹികബോധവും സർഗാത്മകമായ ആവിഷ്കാരങ്ങളും പ്രതിഫലിക്കുന്ന ഇടംകൂടിയാണ്. അത്തരമൊരു വേദിയിൽ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഓർമിപ്പിക്കുന്ന പേരുകൾ നീക്കണമെന്ന നിർദേശം പുതിയ വിവാദത്തിന് വഴിയൊരുക്കി.
നിതിൻ രാജ്, ഗസ്സ, രോഹിത് വെമുല, അംബേദ്കർ, ഗൗരി ലങ്കേഷ്, ഭഗത് സിങ് തുടങ്ങിയ പേരുകളും മറ്റു വേദികൾക്ക് നൽകിയിട്ടുണ്ട്.
ഒക്ടോബർ 28 ന് ആരംഭിച്ച കലോത്സവം 31 ന് സമാപിക്കും. 100 ലേറെ മത്സര ഇനങ്ങളിലായി 2500 ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്.
കലോത്സവത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് 124 പോയന്റുമായി മുന്നിട്ടു നിൽക്കുന്നു. കൊല്ലം ഗവ. മെഡിക്കൽ കോളജാണ് രണ്ടാം സ്ഥാനത്ത്, 93 പോയന്റ്. 88 പോയന്റോടെ ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജ് മൂന്നാം സ്ഥാനത്തുണ്ട്.

