ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തു
text_fieldsകൊച്ചി: ആലുവയിലെ ജനസേവ ശിശുഭവൻ ഏറ്റെടുത്ത് സർക്കാർ ഉത്തരവ്. അനധികൃതമായാണ് കുട്ടികളെ പാർപ്പിച്ചിരിക്കുന്നതെന്നും രേഖകൾ കൃത്യമല്ലെന്നുമുള്ള കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് നടപടി. ശിശുഭവനിലെ 150 കുട്ടികളുടെ സംരക്ഷണം സാമൂഹികനീതി വകുപ്പിന് കൈമാറും. ജനസേവയിലെ ഇതര സംസ്ഥാന കുട്ടികളെ അതത് സംസ്ഥാനങ്ങളിലെ സർക്കാർ സംവിധാനത്തിന് കൈമാറാൻ കഴിഞ്ഞ ജൂലൈയിൽ ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഉത്തരവ് ശിശുഭവൻ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടികൂടിയാണ് സർക്കാർ ഇടപെട്ടത്. കുട്ടികളെ ഏറ്റെടുക്കാൻ തമിഴ്നാട് ബാലാവകാശ കമീഷെൻറ പ്രതിനിധികൾ കഴിഞ്ഞദിവസം എത്തിയെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ, ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായി ജനസേവയിലെ കുട്ടികൾ രംഗത്തെത്തി. ജോസ് മാവേലിയുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള ജീവനക്കാർതന്നെ തങ്ങളെ പരിചരിച്ചാൽ മതിയെന്നായിരുന്നു കുട്ടികളുടെ ആവശ്യം. നിലവിലെ ജീവനക്കാരെ തൽക്കാലം മാറ്റില്ലെന്ന ഉറപ്പിലാണ് കുട്ടികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
ആലുവ ആസ്ഥാനമായി 1996 ജനുവരി 26നാണ് സാമൂഹിക സംഘടനയായി ജനസേവ ശിശുഭവൻ നിലവിൽവന്നത്. ജോസ് മാവേലിയാണ് പ്രസിഡൻറ്. സംസ്ഥാന ബാലാവകാശ കമീഷെൻറ നിർദേശപ്രകാരം ജില്ല ശിശുക്ഷേമ സമിതി 2017 ഏപ്രിൽ 19ന് ജനസേവയിൽ നടത്തിയ പരിശോധനയിൽ 104 ഇതര സംസ്ഥാന കുട്ടികളെ കണ്ടെത്തിയിരുന്നു. എന്നാൽ, ജില്ല ശിശുസംരക്ഷണ ഓഫിസർ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനക്കാരായ 42 കുട്ടികളെ മാത്രമേ കണ്ടെത്താനായുള്ളൂ.
ബാക്കി 62 കുട്ടികളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ ജനസേവ മാനേജ്െമൻറിന് കഴിഞ്ഞില്ലെന്നും ശിശുക്ഷേമ സമിതി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 10ന് തൃശൂരിൽനിന്ന് ഭിക്ഷാടനത്തിനിടെ കണ്ടെത്തിയ നാല് കുട്ടികൾ ജനസേവയിൽനിന്ന് കാണാതായവരിൽപെട്ടതാണെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ടിലുണ്ട്. ഇതേക്കുറിച്ചും ജനസേവ അധികൃതർ വിശദീകരണം നൽകിയിട്ടില്ല.
ഫണ്ട് സ്വരൂപിക്കാൻ കുട്ടികളുടെ ചിത്രങ്ങൾ നോട്ടീസുകളിലും മറ്റ് മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചത് ബാലാവകാശ സംരക്ഷണ നിയമത്തിെൻറ ലംഘനമാണ്. കോടതി ഉത്തരവിനെതിരെ കുട്ടികളെ തെരുവിലിറക്കി സമരം ചെയ്തത് കോടതിയലക്ഷ്യമാണ്. തമിഴ്നാട് ശിശുസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അവിടെനിന്നുള്ള കുട്ടികളെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇതിന് കൂടുതൽ സമയം അനുവദിക്കണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റ് അഞ്ച് സംസ്ഥാനത്തുനിന്നുള്ള കുട്ടികളെ നിയമവിരുദ്ധമായി താമസിപ്പിച്ചതായും കണ്ടെത്തി. ഇവരുടെ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുക്കുന്നതെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
ജനസേവ ഏറ്റെടുക്കൽ: ആലുവയിൽ പ്രതിഷേധം
ആലുവ: ജനസേവ ശിശുഭവൻ ഏറ്റെടുക്കുന്നതിനെതിരെ ആലുവയിൽ പ്രതിഷേധം. ശിശുഭവൻ, ഗേൾസ് ഹോം എന്നിവയടങ്ങുന്ന ആലുവ യു.സി കോളജ് സെറ്റിൽമെൻറ് ഭാഗത്തെ പ്രധാന കേന്ദ്രത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ഉയർന്നത്. ഏറ്റെടുക്കലിെൻറ ഭാഗമായി നിലവിലെ ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പെൺകുട്ടികളടക്കം താമസക്കാർ പ്രതിഷേധിച്ചത്. കുട്ടികൾ പ്രകടനമായി റോഡിലെത്തുകയും യു.സി കോളജ് വരെ പോകുകയും ചെയ്തു. എന്നാൽ, ജനസേവക്ക് കീഴിലെ അങ്കമാലി മേക്കാട് ബോയ്സ് ഹോമിൽ പ്രതിഷേധം ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
