ഇതര സംസ്‌ഥാനക്കാരായ കുട്ടികളെ പറഞ്ഞുവിടൽ ; ജനസേവ ശിശുഭവൻ മനുഷ്യാവകാശ കമീഷന് വിശദീകരണം നൽകി
text_fieldsആലുവ: ഇതര സംസ്‌ഥാനക്കാരായ കുട്ടികളെ പറഞ്ഞുവിടാനുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിനെതിരെ ജനസേവ ശിശുഭവൻ മനുഷ്യാവകാശ കമീഷന് വിശദീകരണം നൽകി. കമീഷൻ മുമ്പാകെ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി സമർപ്പിച്ച ഹർജിയിന്മേലാണ് കൂടൂതൽ വിശദീകരണം നൽകിയത്.
തിങ്കളാഴ്ച ആലുവ പാലസിൽ നടന്ന സിറ്റിങ്ങിലാണ് ആക്ടിങ് ചെയർമാൻ പി. മോഹനദാസ് മുമ്പാകെ ജനസേവ ശിശുഭവൻ സെക്രട്ടറി ഇന്ദിര ശബരീനാഥ് വിശദീകരണം നൽകിയത്. തെരുവിൽനിന്നും രക്ഷപെടുത്തി ജനസേവ ശിശുഭവൻ സംരക്ഷിച്ചുവരുന്ന കുട്ടികളെ മദ്യപാനികളും ദുർനടപ്പുകാരുമായ രക്ഷിതാക്കളെന്ന് പറയുന്നവരുടെ കൂടെ യാതൊരു അന്വേഷണവും കൂടാതെ വിട്ടുകൊടുക്കുകയും ഇവരിൽ പലരും പീഡനങ്ങൾക്ക് വിധേയരാവുകയും പലർക്കും വീണ്ടും തെരുവുജീവിതത്തിലേക്കുതന്നെ മടങ്ങേണ്ടതായും വന്നിട്ടുണ്ട്. വർഷങ്ങളായി ജനസേവ സംരക്ഷണയിൽ കഴിയുന്ന ഇതര സംസ്‌ഥാനക്കാരായ കുട്ടികളെ കേരളത്തിൽ പഠിപ്പിക്കുവാൻ അനുവദിക്കില്ലെന്നും അവരെ അതാത് സംസ്ഥാനത്തേക്ക് പറഞ്ഞുവിടാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു.
കുട്ടികളുടെ ഭാവിയെ നശിപ്പിക്കുന്ന സി.ഡബ്ള്യു.സിയുടെ ഇത്തരത്തിലുള്ള നിലപാടിനെതിരെയായിരുന്നു ജോസ് മാവേലി മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. ഹരജി പരിഗണിച്ച കമീഷൻ സാമൂഹ്യനീതി വകുപ്പിനോട് ജനസേവ ശിശുഭവനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സന്ദർശിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടിരുന്നു. ഇരുകൂട്ടരുടേയും വിശദീകരണം കേട്ടതിനുശേഷമായിരിക്കും കമീഷൻ അന്തിമതീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
