കുറ്റ്യാടി: പ്രണയം നടിച്ച് കാമുകനും കൂട്ടാളികളും വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്ത പതിനേഴുകാരിയുടെ പിതാവിന് മർദനം. ശനിയാഴ്ച രാവിലെ അടുക്കത്ത് ബാർ ഹോട്ടലിന് സമീപമാണ് സംഭവം. വിവരമറിഞ്ഞ് കുറ്റ്യാടി പൊലീസ് ഇയാളെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.
സംഭവവുമായി ബന്ധപ്പെട്ട് അടുക്കത്ത് തലച്ചിറപറമ്പത്ത് മണിയൻ എന്ന മണിയൻപിള്ളയെ (42) കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. ബാറിൽനിന്ന് മദ്യപിച്ച് ഇറങ്ങിയ ഇയാൾ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, പീഡനക്കേസുമായി മർദനത്തിന് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം എ.എസ്.പി നിധിൻരാജ് പറഞ്ഞു. അതിനിടെ, പോക്സോ കോടതി റിമാൻഡ് ചെയ്ത പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിക്കുമെന്ന് എ.എസ്.പി പറഞ്ഞു.