ആരും അറിയാതെ മയക്കുമരുന്ന് വിതരണവും; പീഡനം നടന്ന ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധർ താവളമാക്കുന്നു
text_fieldsകുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായി നാട്ടുകാർക്ക് പരാതി. സുഹൃത്തുക്കളാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വന്ന് കാട്ടിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ലഹരി, മയക്കുമരുന്ന് ഉപയോഗിക്കാനും വിതരണം ചെയ്യാനും സംഘങ്ങൾ ഇവിടെ എത്താറുള്ളതായി നാട്ടുകാർ പറയുന്നു. ഉൾക്കാട്ടിലേക്ക് കയറിപ്പോയാൽ ആളുകൾ കാണില്ല. കുട്ടിയുടെ കാമുകനാണ് അഞ്ചു പേർക്കുമുള്ള ടിക്കറ്റ് എടുത്തത്. കേന്ദ്രത്തിൽ അനാശാസ്യം നടക്കാതിരിക്കാൻ അവിടെ പൊലീസ് പട്രോളിങ് നടത്തുമെന്ന് നാദാപുരം എ.സ്.പി നിധിൻരാജ് പറഞ്ഞു.
പ്രതികളെ ബുധനാഴ്ച വൈകുന്നേരത്തോടെ ജാനകിക്കാട്ടിൽ കൊണ്ടുപോയി തെളിവെടുത്തു. പീഡനം നടന്ന സ്ഥലം പ്രതികൾ കാട്ടിക്കൊടുത്തു. തൊട്ടിൽപ്പാലം പൊലീസ് ഇൻസ്പെക്ടർ എം.ടി.ജേക്കബ്, സി.പി.ഒ മാരായ പ്രകാശൻ, ശ്രീനാഥ് എന്നിവർ പ്രതികളെ പിടികൂടാൻ സംഘത്തിലുണ്ടായിരുന്നു. പീഡനം നടന്നത് തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും കുട്ടി പരാതി നൽകിയത് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലായതിനാൽ അവിടെയാണ് കേസെടുത്തത്. തുടർന്ന് അന്വേഷണം എ.എസ്.പി നിധിൻരാജിനെ ഏൽപ്പിക്കുകയായിരുന്നു.
പ്രതികളെ ജാനകിക്കാട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ നിരവധി പേരാണ് കാണാനെത്തിയത്. നാലു പേരെയും വിലങ്ങണിയിച്ച് പൊലീസിന്‍റെ ട്രാവലർ വാനിലാണ് കൊണ്ടുപോയത്. ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. ഏതാനും വർഷം മുമ്പ് ഒരു യുവാവ് മലപ്പുറം സ്വദേശിയായ വീട്ടമ്മയെ മുള്ളൻകുന്നിലെ വീട്ടിൽ മന്ത്രവാദത്തിന് കൊണ്ടുവന്ന് കൊലചെയ്ത് സ്വർണ്ണാഭരണങ്ങൾ അപഹരിച്ച ശേഷം ജനകിക്കാടിന് സമീപം പുഴയിൽ തള്ളിയിരുന്നു.