Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാനകി സിനിമ: സുരേഷ്...

ജാനകി സിനിമ: സുരേഷ് ഗോപിയുടെ മൗനം ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

text_fields
bookmark_border
ജാനകി സിനിമ: സുരേഷ് ഗോപിയുടെ മൗനം ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യമെന്ന് കെ.സി. വേണുഗോപാല്‍ എം.പി
cancel

ആലപ്പുഴ: ജാനകി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയും ഈ വിഷയത്തില്‍ മൗനം തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സിനിമ ചോറാണെന്ന് ആവര്‍ത്തിച്ച് പറയുന്ന നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്റെ സര്‍ക്കാരിന്റെ ചെയ്തികളില്‍ മൗനം തുടരുകയാണ്. സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ വേണുഗോപാല്‍, സുരേഷ് ഗോപി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവെയ്ക്കുന്ന നിലപാടാണ് സെന്‍സര്‍ ബോഡിന്റെതെന്നും വേണുഗോപാല്‍ പറഞ്ഞു.

സിനിമയിലും സാഹിത്യത്തിലും തലക്കെട്ടും പേരും നിശ്ചയിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം അവയുടെ സ്രഷ്ടക്കാള്‍ക്കുണ്ട്. അത് നിഷേധിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണെന്ന് കെ.സി. വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളമായി ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകളടങ്ങിയ നിരവധി സിനിമകളും ഇറങ്ങിയിട്ടുമുണ്ട്. അന്നൊക്കെ സെന്‍സര്‍ ബോര്‍ഡിന്റെ അന്തസ്സ് കളയുന്ന നടപടിയെടുക്കാന്‍ അക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജാനകി സിനിമയ്ക്കും അതിന്റെ കലാകാരന്മാര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കിയ കെ.സി. വേണുഗോപാല്‍, നീതിക്കായുള്ള യുദ്ധത്തില്‍ അവരോട് ഐക്യപ്പെടുന്നതായും പറഞ്ഞു. സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ ജാനകി സിനിമയ്ക്ക് മേല്‍ കത്രിക വെച്ച ഓരോ സെന്‍സര്‍ ബോര്‍ഡംഗവും രാജ്യത്തിന്റെ ഭരണഘടനയും ചരിത്രവും പഠിക്കണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിന്റെ ഇന്നത്തെ നിലപാട് ആശങ്കയും ഭയവും സൃഷ്ടിക്കുന്നതാണ്. എമ്പുരാന്‍ സിനിമയ്ക്കും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ടിവന്നു. ബിജെപി ഈ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടത്? വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും നിലപാട് വ്യക്തമാക്കണം. കോടതി വരെ കയറിയ ഈ വിഷയത്തില്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത അജണ്ടയാണിയിത്. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്കാണ് ബിജെപിയുടെ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നതെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും ആദിമധ്യാന്തം കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളമാണ് ഇന്ത്യന്‍ സിനിമയില്‍ നിലനിന്നത്. ആ സര്‍ഗാവിഷ്‌കാരങ്ങളുടെ കടയ്ക്കല്‍ കത്തി വെയ്ക്കാന്‍ കാലങ്ങളോളം ഒരു സ്ഥാപനവും മുതിര്‍ന്നിട്ടുമില്ല. സിനിമയായാലും സാഹിത്യമായാലും ഈ ശീര്‍ഷകങ്ങളും പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണ്. ഇത് കല്പിച്ചുനല്‍കിയ അധികാരമല്ല, ഈ രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമാണത്. ആ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല ഇത്. ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്.

ഭാരതത്തില്‍ ജാതിമത ഭേദമന്യേ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകളടങ്ങിയ ശീര്‍ഷകമുള്ള നിരവധി സിനിമകള്‍ രാജ്യത്തിറങ്ങിയിട്ടുമുണ്ട്. സെന്‍സര്‍ ബോര്‍ഡ് അന്നൊക്കെയും ജനാധിപത്യ സ്വഭാവമുള്ള, ആ സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതിനപ്പുറമൊരു നിലപാട് സ്വീകരിക്കാനും ഭരണഘടനയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുമില്ല. ചരിത്രം അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, ഇന്ന് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് ഒട്ടേറെ ആശങ്കകള്‍ക്കും ഭയപ്പാടിനും വഴിവയ്ക്കുന്നത് കൂടിയാണ്. യോജിക്കാന്‍ കഴിയില്ല, എന്ന് മാത്രമല്ല, അനുവദിക്കാന്‍ കഴിയുന്നതല്ല ഇത് എന്നത് കൂടിയാണ് ഈ വിഷയത്തില്‍ ഏവരും സ്വീകരിക്കേണ്ടുന്ന നിലപാട്.

മുന്‍പ് എമ്പുരാന്‍ എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം പോലും അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ട സ്ഥിതിയുണ്ടായി. എവിടേക്കാണ് ഈ രാജ്യത്തെ കൊണ്ടുപോകുന്നത്? ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടത്? വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുമാണ്. കോടതി വരെ കയറിയ വിഷയത്തില്‍ ഇപ്പോഴും നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രഖ്യാപിത അജണ്ടയാണോ ഇതെന്ന ചോദ്യം ഉയര്‍ന്നാല്‍പ്പോലും അതില്‍ അതിശയോക്തിയില്ല. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണോ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നത്? മറുപടി പറയേണ്ടത് അധികാരസ്ഥാനത്തിരിക്കുന്നവര്‍ തന്നെയാണ്.

തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും മന്ത്രി ശബ്ദിക്കണം.

അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജാനകിക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്, കലാകാരന്മാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. നീതിക്കായുള്ള യുദ്ധത്തില്‍ അവരോട് ഐക്യപ്പെടുന്നു. ഒപ്പം, ആ സിനിമയ്ക്ക് മേല്‍ കത്രിക വെച്ച ഓരോ സെന്‍സര്‍ ബോര്‍ഡംഗവും വായിക്കേണ്ടത് ഈ രാജ്യത്തിന്റെ ഭരണഘടനയും വായിച്ചുപഠിക്കേണ്ടത് ചരിത്രവുമാണ് എന്നോര്‍മിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh GopiKC Venugopal
News Summary - janaki vs state of kerala: kc venugopal against suresh gopi
Next Story