ജൻ ഒൗഷധിയുടെ പേരും മാതൃകയും ദുരുപയോഗിച്ച് വൻ തട്ടിപ്പ്
text_fieldsപാലക്കാട്: കേന്ദ്ര സർക്കാറിെൻറ ജനറിക് മരുന്ന് വിതരണ സംവിധാനമായ ജൻ ഒൗഷധിക്ക് സമാന്തരമായി ‘ജൻ ഒൗഷധി സംഘ്’ പേരിൽ സ്വകാര്യ വിതരണ ശൃംഖല സ്ഥാപിച്ച് തട്ടിപ്പ്.
പദ്ധതിക്ക് നേതൃത്വം നൽകിയ ജൻ ഒൗഷധിയുടെ ദക്ഷിണമേഖല ഒാഫിസർക്കും നാല് നോഡൽ ഒാഫിസർമാർക്കുമെതിരെ കേന്ദ്ര വിജിലൻസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും ജൻ ഒൗഷധിയുടെ പേരും മാതൃകയും ദുരുപയോഗം ചെയ്തതിനുമാണ് കേസ്.
ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് നടപടി. ഗുണനിലവാരമുള്ള ജനറിക് (ബ്രാൻഡ് നാമമില്ലാത്ത) മരുന്നുകൾ 50 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഒൗഷധി പരിയോജന (പി.എം.ബി.ജെ.പി). നിർവഹണ ഏജൻസിയായ ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഓഫ് ഇന്ത്യയുടെ (ബി.പി.പി.ഐ) കീഴിൽ ആരംഭിച്ച ജൻ ഒൗഷധി കേന്ദ്രങ്ങൾ വഴിയാണ് മരുന്നുകൾ വിൽക്കുന്നത്.
ഇതിൽ കരാർ വ്യവസ്ഥയിൽ നിയമിതരായ നോഡൽ ഓഫിസർമാരും സോണൽ ഓഫിസർമാരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. മറ്റ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഒാഫിസർമാരെ സ്വാധീനിച്ച് ജൻ ഒൗഷധി മാതൃകയിൽ സമാനമായ സപ്ലൈ ചെയിൻ ബിസിനസ് തുടങ്ങുകയായിരുന്നു. വിതരണക്കാരെ കൂട്ടുപിടിച്ചായിരുന്നു തട്ടിപ്പ്. കമ്പനിയെ അറിയിക്കാതെ കഴിഞ്ഞ ഡിസംബർ 18ന് ഇവർ കൊച്ചിയിൽ ഒത്തുകൂടി. മധ്യപ്രദേശിൽനിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. മധ്യപ്രദേശിലാണ് ‘ജൻ ഒൗഷധി സംഘ്’ പേരിലാണ് വ്യാജ ഏജൻസി രജിസ്റ്റർ ചെയ്തത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് സൗത്ത് സോണൽ ഓഫിസർ, കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ നാല് നോഡൽ ഓഫിസർമാർ എന്നിവർക്കെതിരെയാണ് നിയമനടപടി. കേരളത്തിലെ രണ്ട് നോഡൽ ഓഫിസർമാരിൽ വടക്കൻ കേരളത്തിെൻറ ചുമതല വഹിച്ചിരുന്ന ആൾക്കെതിരെയാണ് നടപടി. കേരളത്തിൽ നിലവിൽ 600ലധികം ജൻ ഒൗഷധി ഷോപ്പുകളുണ്ട്. നോഡൽ ഒാഫിസർമാരുടെ കള്ളക്കളി മൂലം മരുന്നുവിതരണം താളംതെറ്റിയിരിക്കുകയാണ്. രാജിവെച്ച് ഒഴിഞ്ഞ് നിയമനടപടിയിൽനിന്ന് രക്ഷപ്പെടാൻ നോഡൽ ഒാഫിസർമാർ ശ്രമിച്ചെങ്കിലും അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
