ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ് അന്തരിച്ചു
text_fieldsആലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ അഡ്വ. എ. പൂക്കുഞ്ഞ് (74) അന്തരിച്ചു. കരൾരോഗം ബാധിച്ച് തത്തംപള്ളിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ച മൂന്നിനായിരുന്നു അന്ത്യം. ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജമാഅത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
കായംകുളം കൊറ്റുകുളങ്ങരയില്‍ വലിയ ചെങ്കിലാത്ത് വീട്ടിൽ പരേതരായ ഹസനാരുകുഞ്ഞ്-സൈനബ ഉമ്മ ദമ്പതികളുടെ മകനായി ജനനം. എം.എസ്.എം കോളജില്‍നിന്ന് 1972ല്‍ ബിരുദം നേടി. തിരുവനന്തപുരം ലോകോളജിൽനിന്ന് എൽ.എൽ.ബിയും കോഴിക്കോട് ലോകോളജില്‍നിന്ന് എൽ.എൽ.എമ്മും. കോഴിക്കോട് ജില്ല കോടതിയിലെ പ്രമുഖ അഭിഭാഷകൻ ശിവശങ്കരെൻറ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് മാവേലിക്കര കോടതിയിലും ആലപ്പുഴ ജില്ല കോടതിയിലും അഭിഭാഷകനായി. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം.
ജമാഅത്ത് കൗൺസിൽ ജില്ലപ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, പിന്നാക്ക സമുദായ മുന്നണി സംസ്ഥാന വൈസ് ചെയർമാൻ, വഖഫ് ബോർഡ് അംഗം, ഹജ്ജ് കമ്മിറ്റിഅംഗം, ആലപ്പുഴ ജില്ല ഗവ. പ്ലീഡർ എന്നീ പദവികൾ വഹിച്ചു.
ഭാര്യ: അഡ്വ. എ.എച്ച്. മെഹറുന്നിസ (യൂേക്കാ ബാങ്ക് മുൻ ഉദ്യോഗസ്ഥ). മക്കൾ: അഡ്വ. വി.പി. ഉനൈസ് കുഞ്ഞ് (ജില്ല കോടതി ആലപ്പുഴ), അഡ്വ. വി.പി. ഉവൈസ് കുഞ്ഞ് (അൽമൊയ്ത് കമ്പനി എച്ച്.ആർ. മാനേജർ, ബഹ്റൈൻ). മരുമക്കൾ: ഡോ. നിഷ ഉനൈസ്, വഹീദ ഉവൈസ് ( അധ്യാപിക, ബഹ്റൈൻ ). സഹോദരങ്ങൾ. ഡോ. മുഹമ്മദ് കുഞ്ഞ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്മെൻറ്), യൂസുഫ് കുഞ്ഞ് (റിട്ട. എസ്.പി), താഹക്കുട്ടി (റിട്ട. റീജനൽ മാനേജർ (കേരള ഹാൻഡ്ലൂം ഡെവലപ്മെൻറ് കോർപറേഷൻ), സൈനബ ബീവി, സുലേഖ ബീവി, പരേതയായ ആമിന ബീവി.