ജമാഅത്ത്, എസ്.ഡി.പി.ഐ വോട്ട് വാങ്ങുന്നതിൽ തെറ്റില്ല -സി.പി. ജോൺ
text_fieldsകണ്ണൂർ: ന്യൂനപക്ഷ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും ഭൂരിപക്ഷ വർഗീയതയാണ് അപകടകരമാവുന്നതെന്നും സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെ ഭൂരിപക്ഷ വർഗീയതയാണ് അപകടം. ഇന്ത്യയിൽ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഭൂരിപക്ഷ വർഗീയതയാണ്. അവരോളം അപകടകരമല്ല ന്യൂനപക്ഷ വർഗീയത.
ന്യൂനപക്ഷങ്ങൾ മതതീവ്രവാദത്തിലേക്ക് പോകാതിരിക്കാൻ മതേതര ചേരിയിലേക്ക് കൊണ്ടുവരുകയാണ് ചെയ്യേണ്ടത്. ഈ അർഥത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന് സി.എം.പി പറയുന്നതെന്ന് സി.പി. ജോൺ വ്യക്തമാക്കി. പിന്നാക്ക സംഘടനയായ ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്ക് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭൂരിപക്ഷ വർഗീയതയാണ് അപകടകരം. ഇതു ബി.ഡി.ജെ.എസ് തിരിച്ചറിയണം. അവർ ഉൾപ്പെടുന്ന പിന്നാക്കക്കാർ സംവരണം വേണ്ടെന്ന ബി.ജെ.പിയുടെ നിലപാടിനെ എതിർക്കണം. ജാതി സെൻസസ് ഉൾപ്പെടെ കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ് അംഗീകരിക്കുന്നത്. അടുത്ത ഭരണം യു.ഡി.എഫിന് ലഭിക്കണമെങ്കിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന് യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും അദ്ദേഹം ഓർമപ്പെടുത്തി.
വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സി.എ. അജീർ, ജില്ല സെക്രട്ടറി പി. സുനിൽകുമാർ, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

